ഏഷ്യാകപ്പിലെ യുഎഇക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പോർട്സ്മാൻഷിപ്പിന്റെ പര്യായമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ഇന്ത്യയുടെ ടീം അംഗങ്ങളും. മത്സരത്തിൽ ഒരു അവിസ്മരണീയ റണ്ണൗട്ടിലൂടെ യുഎഇ താരം ജുനൈദ് സിദ്ദിഖിയെ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പുറത്താക്കിയിരുന്നു. എന്നാൽ പന്ത് എറിയുന്ന സമയത്ത് ഇന്ത്യൻ താരമായ ശിവം ദുബയുടെ കയ്യിൽ നിന്നുണ്ടായ ചെറിയ പിഴവുമൂലം നായകൻ സൂര്യകുമാർ യാദവ് ഈ അപ്പീൽ പിൻവലിക്കുകയാണ് ഉണ്ടായത്.
മത്സരത്തിൽ പതിമൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഇത്തരമൊരു സംഭവമുണ്ടായത്. ശിവം ദുബെയായിരുന്നു ആ സമയത്ത് ബോൾ ചെയ്തിരുന്നത്. ദുബെ സിദ്ദിഖിയ്ക്കെതിരെ ബോൾ ചെയ്യാനായി ഓടിയെത്തി. എന്നാൽ ഈ സമയത്ത് ദുബെയുടെ ജേഴ്സിയിൽ ഉണ്ടായിരുന്ന ടവ്വൽ താഴെ വീണു. ഇത് ബാറ്റർക്ക് അല്പം പ്രയാസം സൃഷ്ടിച്ചു. ബോൾ ബാറ്ററെ കടന്ന് സഞ്ജുവിന്റെ കൈകളിലെത്തി. ഈ സമയത്ത് ബാറ്റർ ക്രീസിന് പുറത്തായിരുന്നു. മാത്രമല്ല ബാറ്റർ ശിവം ദുബെയോട് തന്റെ ടൗവൽ താഴെ വീണ കാര്യം ഓർമ്മിപ്പിക്കുകയും ചെയ്തു.
ബാറ്റർ ക്രീസിന് പുറത്തായിരുന്നതിനാൽ തന്നെ സഞ്ജു സാംസൺ ഒരു ഡയറക്ട് ഹിറ്റിലൂടെ സ്റ്റമ്പ് പിഴുതു. ഇത് ചെക്ക് ചെയ്തപ്പോൾ ഔട്ടാണ് എന്ന് വ്യക്തമായി. പക്ഷേ ഇത്തരത്തിൽ ബാറ്റർ റൺഔട്ട് ആവാൻ കാരണം ശിവം ദുബയുടെ ടൗവൽ നിലത്ത് വീണപ്പോൾ ഉണ്ടായ അശ്രദ്ധയാണ്. ഇക്കാര്യം കണക്കിലെടുത്ത് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് അമ്പയറെ സമീപിക്കുകയും തങ്ങളുടെ അപ്പീൽ പിൻവലിക്കുകയുമാണ് ഉണ്ടായത്. വലിയ പ്രശംസയാണ് ഇത്തരമൊരു പ്രവർത്തിയ്ക്ക് ലഭിച്ചത്.
ഇന്ത്യയുടെ യുഎഇക്കെതിരായ മത്സരത്തിലേക്ക് കടന്നുവന്നാൽ, ടോസ് നേടിയ ഇന്ത്യൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് യുഎഇ ടീമിന് ലഭിച്ചത്. എന്നാൽ ബൂമ്രയും ഇന്ത്യൻ സ്പിന്നർമാരും കളത്തിൽ എത്തിയതോടെ മത്സരം മാറിമറിഞ്ഞു. കൃത്യമായ ഇടവേളകളിൽ ബോളർമാർ മികവ് പുലർത്തിയതോടെ യുഎഇ കേവലം 57 റൺസിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. 7 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയ സ്പിന്നർ കുൽദീപ് യാദവും 4 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ശിവം ദുബെയുമാണ് ഇന്ത്യൻ നിരയിൽ മികവ് പുലർത്തിയത്.



