ഞെട്ടിച്ചു, തകർത്തു. രാജസ്ഥാനായി 14കാരന്റെ താണ്ഡവം.

രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ച് 14കാരനായ വൈഭവ് സൂര്യവംശി. മത്സരത്തിൽ രാജസ്ഥാൻ ടീമിന്റെ ഇമ്പാക്ട് താരമായാണ് സൂര്യവംശി ക്രീസിൽ എത്തിയത്. മത്സരത്തിൽ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ച് ആരംഭിച്ച സൂര്യവംശി 20 പന്തുകളിൽ 34 റൺസ് സ്വന്തമാക്കിയ ശേഷമാണ് കൂടാരം കയറിയത്. ഇതിനിടെ 2 ബൗണ്ടറികളും 3 സിക്സറുകളും സ്വന്തമാക്കാൻ ഈ യുവതാരത്തിന് സാധിച്ചു. സഞ്ജുവിന് പകരക്കാരനായെത്തിയ താരം വലിയ ഇംപ്രഷൻ തന്നെയാണ് ആദ്യ മത്സരത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 180 റൺസ് ആയിരുന്നു 20 ഓവറുകളിൽ സ്വന്തമാക്കിയത്. വലിയ വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവറിലെ നാലാം പന്തിലാണ് സൂര്യവംശിയ്ക്ക് തന്റെ ആദ്യ പന്ത് നേരിടാനുള്ള അവസരം ലഭിച്ചത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താക്കൂറിനെതീരെ ഒരു കിടിലൻ സിക്സർ പറത്തിയായിരുന്നു സൂര്യവംശി ആരംഭിച്ചത്. ശേഷം അടുത്ത ഓവറിൽ ആവേഷ് ഖാനെതിരെയും ഒരു കിടിലൻ സിക്സർ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇതോടെ താരത്തിന്റെ പ്രതിഭ എല്ലാവർക്കും വ്യക്തമായി.

പിന്നീട് സൂര്യവംശിയുടെ അടുത്ത സിക്സർ പിറന്നത് എട്ടാമത്തെ ഓവറിലാണ്. ഓവറിലെ അവസാന പന്തിലാണ് സ്പിന്നർ ഡിഗ്വഷ് റാത്തിയുടെ പന്തിൽ ഒരു വെടിക്കെട്ട് ഷോട്ട് കളിച്ചാണ് സൂര്യവംശി സിക്സർ സ്വന്തമാക്കിയത്. ഇതിനിടെ 2 ബൗണ്ടറികൾ നേടാനും താരത്തിന് സാധിച്ചു. ഒരുവശത്ത് ജയസ്വാൾ പൂർണ്ണമായ ആക്രമണം അഴിച്ചുവിട്ടപ്പോൾ മറുവശത്ത് പക്വതയോടെ റൺസ് കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. മത്സരത്തിൽ 20 പന്തുകളിൽ 34 റൺസ് ആണ് ഈ യുവതാരം നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ ടീമിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് എയ്ഡൻ മാക്രമായിരുന്നു. 45 പന്തുകളിൽ 66 റൺസ് നേടി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ താരത്തിന് സാധിച്ചു. ഒപ്പം 34 പന്തുകളിൽ 50 റൺസ് നേടിയ ബടോണിയും ലക്നൗ ടീമിനായി മികവു പുലർത്തി. അവസാന ഓവറിൽ സന്ദീപ് ശർമയെ അടിച്ചുതകർത്ത് അബ്ദുൾ സമദ് 10 പന്തുകളിൽ 30 റൺസ് ആണ് സ്വന്തമാക്കിയത്. 4 സിക്സറുകൾ സമദ് അവസാന ഓവറിൽ സ്വന്തമാക്കി. ഇങ്ങനെയാണ് ലക്നൗ 180 എന്ന ശക്തമായ സ്കോറിലേക്ക് എത്തിയത്.