“ഞങ്ങൾ ഈ പിച്ചിൽ പ്രാക്ടീസ് പോലും നടത്തിയിട്ടില്ല”- വിവാദങ്ങൾക്കെതിരെ ഗൗതം ഗംഭീർ..

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ദുബായ് പിച്ചിൽ തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് ഇന്ത്യൻ ടീമിന് മുൻതൂക്കം ഉണ്ടാക്കുമെന്ന പ്രസ്താവനയെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇതുവരെ തങ്ങൾക്ക് പരിശീലനം നടത്താനുള്ള അവസരം പോലും ഉണ്ടായിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗംഭീർ ഇപ്പോൾ. ടൂർണമെന്റ് സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ വിവാദ പ്രസ്താവനക്കെതിരെ ഗംഭീർ രംഗത്ത് എത്തിയത്.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമാണ് ദുബായ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിട്ടുള്ളത്. ബാക്കി എല്ലാ ടീമുകളും പാക്കിസ്ഥാനിൽ മത്സരങ്ങൾ കളിക്കുമ്പോൾ ഇന്ത്യ തങ്ങളുടെ മുഴുവൻ മത്സരങ്ങളിലും ദുബായിലാണ് കളിച്ചത്. ഇതിന് ശേഷമായിരുന്നു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ ഇതുമൂലം തങ്ങൾക്ക് യാതൊരു മുൻതൂക്കവും ലഭിച്ചിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗംഭീർ ഇപ്പോൾ.

“ദുബായിൽ കളിക്കുന്നത് കൊണ്ട് ഇന്ത്യൻ ടീമിന് യാതൊരുതരം മുൻതൂക്കവും ലഭിച്ചിട്ടില്ല. മറ്റുള്ള ടീമുകളെ പോലെ തന്നെ ഞങ്ങളെ സംബന്ധിച്ചും ദുബായ് സ്റ്റേഡിയം ന്യൂട്രൽ വേദിയാണ്. ഇതുവരെയും ഈ മൈതാനത്ത് ഒരു പരിശീലനം പോലും നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഞങ്ങൾ ഐസിസി അക്കാദമിയിലാണ് പരിശീലനങ്ങൾ നടത്താറുള്ളത്.”- ഗൗതം ഗംഭീർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ച ആദ്യമുണ്ടായത് ഇംഗ്ലണ്ട് മുൻതാരം നാസർ ഹുസൈനിൽ നിന്നാണ്. ശേഷം ദക്ഷിണാഫ്രിക്കൻ താരം റാസി വാണ്ടർ ഡസനും ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ ജോസ് ബട്ലർ പറഞ്ഞ വാക്കുകളാണ് വലിയ രീതിയിൽ ശ്രദ്ധ നേടിയത്. “ഈ ടൂർണമെന്റ് ഇത്തവണ വളരെ വ്യത്യസ്തമാണ്. ഒരു രാജ്യം ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നു. മറ്റൊരു രാജ്യം മറ്റു സ്ഥലങ്ങളിൽ കളിക്കുന്നു. അതാണ് സംഭവിക്കുന്നത്.”- ബട്ലർ പറയുകയുണ്ടായി.

“ദുബായിൽ കളിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയ്ക്ക് മത്സരങ്ങളിൽ മുൻതൂക്കങ്ങൾ ഉണ്ടാവാറുണ്ട്. അത് അംഗീകരിക്കേണ്ടതുണ്ട്.”- മൈക്കിൾ ആതർടൺ പറഞ്ഞു. ഇത്തരത്തിൽ മുൻതാരങ്ങളിൽ നിന്നു പോലും വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ ഉയർന്നത്. എന്നിരുന്നാലും കഴിഞ്ഞ 4 മത്സരങ്ങളിലും വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മാർച്ച് 9നാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന സെമിഫൈനൽ മത്സരത്തിലെ വിജയികളാണ് ഇന്ത്യയുടെ ഫൈനലിലെ എതിരാളികളായി എത്തുക.