ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ അവസാന മത്സരത്തിൽ കരുത്തരായ ന്യൂസിലാൻഡിനെ 4 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ നിർണായകമായത് രോഹിത് ശർമയുടെ പവർപ്ലേ ഓവറുകളിലെ വെടിക്കെട്ട് തന്നെയാണ് ശേഷം മറ്റ് ഇന്ത്യൻ ബാറ്ററുമാരും മികവ് പുലർത്തിയതോടെ അനായാസം ടീം വിജയത്തിലെത്തുകയായിരുന്നു. മറുവശത്ത് പല സമയത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായങ്കിലും ഇന്ത്യൻ ടീമിനോട് കിടപിടിക്കാൻ ന്യൂസിലാൻഡിന് സാധിച്ചില്ല. മത്സരത്തിലെ പരാജയം നിരാശപ്പെടുത്തുന്നു എന്നാണ് ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റനർ പറഞ്ഞത്.
മത്സരത്തിന്റെ പവർപ്ലേ ഓവറുകളിൽ രോഹിത് ശർമ വെടിക്കെട്ട് കാഴ്ചവച്ചതാണ് തങ്ങൾ പരാജയപ്പെടാൻ കാരണമായി മാറിയത് എന്ന് സാന്റ്നർ പറഞ്ഞു “ഞങ്ങളെ സംബന്ധിച്ച് ഇതൊരു നല്ല ടൂർണമെന്റ് തന്നെയായിരുന്നു. കാരണം ഞങ്ങൾക്കും ഇവിടെ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. കൂട്ടായ്മയോട് കൂടി മത്സരത്തിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചു എന്ന് ഞാൻ കരുതുന്നു. ഇന്ന് ഇന്ത്യയെപ്പോലെ ഒരു വലിയ ശക്തിയാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്. എന്നിരുന്നാലും വളരെ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ടീമിലുണ്ട്. കൃത്യമായ സമയങ്ങളിൽ താരങ്ങൾ മുന്നിലേക്ക് വന്ന് മികവ് പുലർത്താറുണ്ട്.”- സാന്റ്നർ പറഞ്ഞു.

മത്സരത്തിന്റെ മധ്യ ഓവറുകളിൽ വേണ്ട രീതിയിലുള്ള റൺസ് സ്വന്തമാക്കാൻ സാധിക്കാതിരുന്നത് ഇന്ത്യൻ ബോളിംഗ് മികവിന്റെ പര്യായമാണ് എന്നാണ് സാന്റ്നർ പറഞ്ഞത്. “ആ സമയത്ത് ഇന്ത്യ മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. പവർപ്ലേയ്ക്ക് ശേഷം ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ക്രെഡിറ്റ് നൽകേണ്ടത് ഇന്ത്യയുടെ സ്പിൻ ബോളർമാർക്കാണ്. നാലുപേരും ലോകനിലവാരം ഉള്ളവരാണ്. നിശ്ചയിച്ച സ്കോറിനേക്കാൾ 25 റൺസ് താഴെ മാത്രമാണ് ഞങ്ങൾക്ക് നേടാൻ സാധിച്ചത്. പക്ഷേ അതിന് ശേഷം ഞങ്ങൾ പോരാടാൻ തന്നെ തയ്യാറായാണ് മൈതാനത്ത് എത്തിയത്.”- സാന്റ്നർ പറഞ്ഞു.
“പവർപ്ലേ ഓവറുകളായിരുന്നു മത്സരത്തിൽ റൺസ് നേടാൻ ഏറ്റവും മികച്ച സമയം. രോഹിത് ശർമയും ഗില്ലും അത് നന്നായി മുതലാക്കി. രോഹിത് അവിസ്മരണീയം തന്നെയായിരുന്നു. അതാണ് ഞങ്ങളെ മത്സരത്തിൽ പിന്നിലേക്ക് നയിച്ചത്. എന്നിരുന്നാലും പിന്നീട് പെട്ടെന്ന് തന്നെ മത്സരം മാറിമറിയാൻ സാധ്യതയുണ്ട് എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് വിക്കറ്റുകൾ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിച്ചതും. വലിയ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് രചിൻ. ബോളിങ്ങിലും അവൻ മികച്ച പ്രകടനം ഇത്തവണ നടത്തുകയുണ്ടായി. ഈ ചെറിയ പ്രായത്തിൽ തന്നെ മത്സരം മനസ്സിലാക്കാനും സമ്മർദ്ദത്തെ അതിജീവിക്കാനും രചിന് സാധിക്കാറുണ്ട്.”- സാന്റ്നർ കൂട്ടിച്ചേർക്കുന്നു.



