ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

jaiswal shot

രാജസ്ഥാൻ റോയൽസ് ടീമിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയ താരമാണ് യശസ്വി ജയസ്വാൾ. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ഓപ്പണറായി ജയസ്വാളിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ ജയസ്വാളിന്റെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വലിയ തലവേദനയും സൃഷ്ടിക്കുന്നു.

പല മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ടെങ്കിലും, തുടക്കങ്ങൾ വലിയ ഇന്നിംഗ്സുകളാക്കി മാറ്റുന്നതിൽ ജയസ്വാൾ പരാജയപ്പെടുകയുണ്ടായി. പലപ്പോഴും അല്പം വേഗത്തിൽ റൺസ് കണ്ടെത്താനാണ് ജയസ്വാൾ ശ്രമിക്കുന്നത്. ജയസ്വാളിന്റെ ഈ മനോഭാവത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി.

ഡൽഹിയ്ക്കെതിരായ രാജസ്ഥാന്റെ മത്സരത്തിൽ ആദ്യ പന്തിൽ ബൗണ്ടറി നേടാൻ ജയസ്വാളിന് സാധിച്ചിരുന്നു. അടുത്ത പന്തിൽ വീണ്ടും ബൗണ്ടറി നേടാൻ ജയസ്വാൾ ശ്രമിക്കുകയും അക്ഷർ പട്ടേലിന് ക്യാച്ച് നൽകി മടങ്ങുകയുമാണ് ചെയ്തത്. ശേഷമാണ് വലിയ വിമർശനവുമായി മുഹമ്മദ് ഷാമി രംഗത്തെത്തിയത്.

തനിക്ക് ജയസ്വാളിനെപ്പറ്റി സംസാരിക്കണം എന്നാണ് ഷാമി പറഞ്ഞത്. താരം മത്സരങ്ങളിൽ ഇത്രമാത്രം ധൃതി കാട്ടേണ്ട കാര്യമില്ല എന്നാണ് ഷാമി കരുതുന്നത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയ ശേഷം വീണ്ടും തിടുക്കം കാട്ടേണ്ട കാര്യം എന്താണ് എന്ന് ഷാമി ചോദിക്കുന്നു. ജയസ്വാളിനെ പോലെയുള്ള മികച്ച താരങ്ങളിൽ നിന്ന് ഇത്തരം ഇന്നിംഗ്സുകളല്ല പ്രതീക്ഷിക്കുന്നത് എന്നാണ് ഷാമി സൂചിപ്പിക്കുന്നത്.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

“എനിക്ക് യശസ്വി ജയിവാളിനെ പറ്റി സംസാരിക്കേണ്ടതുണ്ട്. എല്ലായിപ്പോഴും വലിയ തിടുക്കത്തിലാണ് അവൻ കളിക്കുന്നത്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ബൗണ്ടറി സ്വന്തമാക്കാൻ അവന് സാധിച്ചിരുന്നു. ശേഷം അടുത്ത പന്തിൽ അവൻ പുറത്തായി. 2 പന്തുകളിൽ 4 റൺസ് മാത്രമാണ് താരം നേടിയത്. അവൻ വലിയ തിടുക്കത്തിൽ കളിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. അനാവശ്യ ഷോട്ട് കളിച്ചാണ് അവൻ പുറത്തായത്. അത് ആ സമയത്ത് ഒരിക്കലും ആവശ്യമില്ലായിരുന്നു. നല്ല ഫോമിൽ തന്നെയാണ് അവൻ കളിക്കുന്നത്. ഐപിഎല്ലിൽ ഒരു തകർപ്പൻ സെഞ്ചുറിയും താരം നേടിയിരുന്നു. പക്ഷേ ഇത്തരം ഇന്നിംഗ്സുകൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.”- ഷാമി പറയുന്നു.

ഐപിഎല്ലിൽ ഇത്തരത്തിൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോഴും ലോകകപ്പിൽ ജയസ്വാൾ ഇന്ത്യയുടെ പ്രധാന താരമായി മാറും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. തന്റെ അരങ്ങേറ്റ മത്സരങ്ങളിൽ വമ്പൻ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ശേഷം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും തുടർച്ചയായി മികവ് പുലർത്താൻ തുടങ്ങിയതോടെയാണ് ജയസ്വാളിനെ ഇന്ത്യ ട്വന്റി20 ടീമിന്റെ ഓപ്പണറായി തിരഞ്ഞെടുത്തത്. ഇന്ത്യക്കായി പവർപ്ലേ ഓവറുകളിൽ വമ്പൻ ആക്രമണം അഴിച്ചുവിടാനുള്ള എല്ലാ ശേഷിയും ജയസ്വാളിനുണ്ട്.

Scroll to Top