ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിലും തകർപ്പൻ പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ നിര കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെ സെഞ്ചുറിയുടെ ബലത്തിൽ 356 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 214 റൺസിൽ അവസാനിക്കുകയുണ്ടായി.
ഇതോടെ ഇന്ത്യ മത്സരത്തിൽ 142 റൺസിന്റെ വിജയവും സ്വന്തമാക്കി. പരമ്പര 3- 0 എന്ന നിലയിലാണ് ഇന്ത്യ നേടിയത്. മത്സരത്തിലെ താരമായും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് ശുഭമാൻ ഗില്ലായിരുന്നു. ഇന്ത്യയുടെ പരമ്പരയിലെ വിജയത്തെ പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
പരമ്പരയിലെ ഇന്ത്യയുടെ വിജയത്തിൽ അങ്ങേയറ്റം സന്തോഷമുണ്ട് എന്നാണ് രോഹിത് ശർമ പ്രസന്റേഷൻ സമയത്ത് പറഞ്ഞത്. “ഈ പരമ്പരയിൽ വിജയം സ്വന്തമാക്കാൻ സാധിച്ചത് വലിയ ആഹ്ലാദം നൽകുന്നു. പരമ്പരയിൽ ഞങ്ങൾക്ക് കുറച്ചധികം വെല്ലുവിളികൾ നേരിടേണ്ടി വരും എന്നത് ഉറപ്പായിരുന്നു. ഇന്നത്തെ മത്സരത്തിൽ വളരെ മികച്ച ഒരു പന്തിൽ തന്നെയാണ് ഞാൻ പുറത്തായത്. അതിന്റെ എല്ലാ ക്രെഡിറ്റും ഞാൻ ബോളർക്ക് നൽകുന്നു. ബോളർമാർ പന്ത് എറിയുന്നത് നമ്മുടെ വിക്കറ്റ് സ്വന്തമാക്കാനാണ്. അവർക്കെതിരെ വെല്ലുവിളി ഉയർത്തുക എന്നതാണ് ഒരു ബാറ്ററുടെ ജോലി.”- രോഹിത് പറഞ്ഞു.
“ഈ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗത്തു നിന്ന് വലിയ പിഴവുകൾ വന്നതായി ഞാൻ കരുതുന്നില്ല. ചില കാര്യങ്ങളിൽ ഇനിയും നമ്മുടെ ടീം പുരോഗമനം കൈവരിക്കേണ്ടതുണ്ട്. അത് ഞാൻ ഇവിടെ നിന്ന് പറയാനോ വിശദീകരിക്കാനോ ശ്രമിക്കുന്നില്ല. നമ്മുടെ സ്ക്വാഡിൽ ഒരു സ്ഥിരത കൊണ്ട് വരിക എന്നത് ഓരോരുത്തരുടെയും ജോലിയാണ്. മാത്രമല്ല എല്ലാവരും തമ്മിൽ മികച്ച ആശയവിനിമയം ഉണ്ടാവുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരു ചാമ്പ്യൻ ടീം ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മികച്ചതാവാനാണ് ശ്രമിക്കേണ്ടത്. അതുതന്നെയാണ് ഞങ്ങളും ശ്രമിക്കുന്നത്.”- രോഹിത് കൂട്ടിച്ചേർത്തു.
“മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച ഒരു സ്കോർ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. സ്‌ക്വാഡിലുള്ള എല്ലാ താരങ്ങൾക്കും കൃത്യമായ സ്വാതന്ത്ര്യം നൽകിയിരുന്നു. അവർക്കൊക്കെയും മൈതാനത്ത് എത്താനും തങ്ങളുടേതായ രീതിയിൽ കളിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ലോകകപ്പ്. ഇനിയും അത് തുടരാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്. ചില സമയങ്ങളിൽ അത്തരം മനോഭാവം നമ്മളെ പരാജയത്തിൽ എത്തിക്കും. പക്ഷേ അത് ഞങ്ങൾ കാര്യമാക്കുന്നില്ല.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.