“ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബാറ്റ് ചെയ്യാൻ പറഞ്ഞാലും സഞ്ജു തിളങ്ങും”, അന്ന് ഗംഭീർ സഞ്ജുവിനെ പറ്റി പറഞ്ഞത്.

download 2

തന്റെ അവസാന ട്വന്റി20 മത്സരത്തിൽ സിംബാബ്വെയ്ക്കെതിരെ ഒരു തകർപ്പൻ സെഞ്ച്വറി നേടി ടീമിനെ കരകയറ്റിയിട്ടും സഞ്ജു സാംസണെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ നിന്ന് ഇന്ത്യ ഒഴിവാക്കുകയാണ് ഉണ്ടായത്. സഞ്ജുവിന് പകരം ടീം മാനേജ്മെന്റ് തങ്ങളുടെ ലോകകപ്പ് താരമായ റിഷഭ് പന്തിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു.

മത്സരത്തിൽ നാലാമനായാണ് പന്ത് ക്രീസിലെത്തിയത്. എല്ലായിപ്പോഴും സഞ്ജുവിന് പിന്തുണ നൽകിയിട്ടുള്ള ഗൗതം ഗംഭീറിനെ പോലെ ഒരു പരിശീലകൻ ടീമിനൊപ്പം എത്തിയിട്ടും എന്തുകൊണ്ടാണ് സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുന്നത് എന്നത് ആരാധകരെ അടക്കം ആശങ്കയിലാക്കുന്ന ചോദ്യമാണ്.

പരിശീലകനായി എത്തുന്നതിന് മുൻപ് വരെ സഞ്ജുവിന് വലിയ രീതിയിലുള്ള പിന്തുണയാണ് ഗംഭീർ നൽകിയിരുന്നത്. ഇന്ത്യയുടെ നാലാം നമ്പരിൽ എന്തുകൊണ്ടും ഉത്തമനായ താരം സഞ്ജു സാംസനാണ് എന്ന് ഗംഭീർ പലപ്പോഴായി പറയുകയുണ്ടായി. അതുകൊണ്ടുതന്നെ ഗംഭീർ പരിശീലകനായി എത്തിയാൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പരിശീലകനായുള്ള ആദ്യ മത്സരത്തിൽ തന്നെ പ്ലെയിങ് ഇലവനിൽ നിന്ന് സഞ്ജുവിനെ മാറ്റിനിർത്താൻ ഗംഭീർ തയ്യാറായി. ശേഷം ഗംഭീറിന്റെ പഴയ പ്രസ്താവനകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

മുൻപ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സഞ്ജു നേടിയ ഒരു അർധസെഞ്ച്വറി ഗംഭീറിനെ വളരെയധികം ആകർഷിച്ചിരുന്നു. അതിന് പിന്നാലെ സഞ്ജുവിനെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ ഗംഭീർ പ്രശംസിക്കുകയും ചെയ്തു. “ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ചെന്നിട്ട് ബാറ്റ് ചെയ്യാൻ പറഞ്ഞാലും സഞ്ജു സാംസൺ തന്റെ കഴിവുകൾ അങ്ങേയറ്റം മികച്ച രീതിയിൽ പ്രയോഗിക്കും. അത്രമാത്രം മികച്ച താരമാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 48 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ 91 റൺസ് നേടിയത്. സഞ്ജുവിന് ഒരുപാട് അഭിനന്ദനങ്ങള്‍.”- ഗംഭീർ അന്ന് തന്റെ ട്വിറ്ററിൽ കുറിച്ചു.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

2019ലായിരുന്നു സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ശേഷം ട്വന്റി20കളിലാണ് സഞ്ജു പ്രധാനമായും അണിനിരന്നത്. എന്നാൽ കൃത്യമായി ടീമിൽ തന്റെ സ്ഥാനം കണ്ടെത്താനും സഞ്ജുവിന് സാധിച്ചിരുന്നില്ല. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ സ്ക്വാഡിലെ അംഗമായിരുന്നു സഞ്ജു സാംസൺ.

എന്നാൽ ഇന്ത്യ ലോകകപ്പിലുടനീളം തങ്ങളുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെയാണ് കളിപ്പിച്ചിരുന്നത്. അതിനാൽ തന്നെ സഞ്ജുവിനെ പൂർണമായി ഒഴിവാക്കുകയുണ്ടായി. പക്ഷേ പിന്നീടെത്തിയ പരമ്പരയിൽ മികച്ച പ്രകടനം സഞ്ജു കാഴ്ചവെച്ചു. എന്നിട്ടും സഞ്ജുവിനെ വീണ്ടും ഇന്ത്യ മാറ്റി നിർത്തുന്നതാണ് കാണുന്നത്.

Scroll to Top