“ഗെയ്ൽ, ഡിവില്ലിയേഴ്‌സ് എന്നിവരുടെ ലിസ്റ്റിലേക്ക് അഭിഷേക് ശർമയും എത്തുന്നു”- മക്കല്ലം.

അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ യുവതാരം അഭിഷേക് ശർമ നേടിയ സെഞ്ചുറിയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ടിന്റെ ഹെഡ് കോച്ചായ ബ്രണ്ടൻ മക്കല്ലം. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ നിന്നാണ് മത്സരത്തിൽ അഭിഷേക് ശർമ കാഴ്ചവച്ചത് എന്ന് മക്കല്ലം പറയുകയുണ്ടായി. മത്സരത്തിൽ അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ 150 റൺസിന്റെ കിടിലൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ശേഷമാണ് ഇപ്പോൾ യുവതാരത്തെ പുകഴ്ത്തി മക്കല്ലം രംഗത്ത് എത്തിയത്.

മത്സരത്തിലെ അഭിഷേക് ശർമയുടെ അവിസ്മരണീയ പ്രകടനം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നാണ് മക്കല്ലം പറഞ്ഞത്. അ”ഭിഷേക് ശർമയിൽ നിന്ന് ഇന്ന് കാണാൻ സാധിച്ചത് വളരെ സ്പെഷ്യൽ ആയ ഒരു പ്രകടനം തന്നെയായിരുന്നു. കൂടുതൽ റൺസ് നേടി എന്ന രീതിയിലല്ല ഞാൻ സംസാരിക്കുന്നത്. പക്ഷേ 90 മൈൽ സ്പീഡിൽ പന്തറിയുന്ന പേസർമാർക്കെതിരെ പൂർണമായ ആക്രമണം അഴിച്ചുവിടാൻ അവന് സാധിച്ചു. ഞങ്ങളുടെ നിരയിൽ ഒരു ലെഗ് സ്പിന്നറും ഉണ്ടായിരുന്നു. അവനെതിരെയും അഭിഷേക് ശർമ വെടിക്കെട്ട് തീർത്തു. “- മക്കല്ലം പറയുന്നു.

“ഇത്തരത്തിൽ ഒരു ബാറ്റർ മൈതാനത്ത് എത്തുകയും ഇതുപോലെ വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുകയാണെങ്കിൽ അവനെതിരെ മറ്റൊരു തന്ത്രവും പ്രയോഗിക്കാൻ എതിർ ടീമിന് സാധിക്കില്ല. നമുക്ക് ബാറ്റർമാർക്കെതിരെ വ്യത്യസ്തമായ പദ്ധതികൾ ഉണ്ടാകാം. പക്ഷേ ഇത്തരത്തിൽ വളരെ അനായാസം പന്തുകളെ അടിച്ചകറ്റുന്ന ഒരു ബാറ്റർക്കെതിരെ അതും ചെയ്യാൻ സാധിക്കില്ല കഴിഞ്ഞ വർഷങ്ങളിൽ ഒക്കെയും നമ്മൾ ഒരുപാട് ബാറ്റർമാരെ കണ്ടിട്ടുണ്ട്. ക്രിസ് ഗെയിൽ, ആരോൺ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ് എന്നിവരൊക്കെയും ട്വന്റി20 ഫോർമാറ്റിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചവരാണ്. ഒരുപക്ഷേ ആ ലിസ്റ്റിലേക്കാവും അഭിഷേക് ശർമ ശക്തമായ പ്രകടനത്തോടെ എത്തുന്നത്.”- മക്കല്ലം കൂട്ടിച്ചേർത്തു.

എല്ലാ തരത്തിലും ഒരു മാസ്റ്റർ ക്ലാസ് ഇന്നിങ്സ് തന്നെയായിരുന്നു മത്സരത്തിൽ അഭിഷേക് ശർമ കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം 17 പന്തുകളിൽ നിന്ന് തന്നെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. ശേഷം അടുത്ത 20 പന്തുകൾക്കുള്ളിൽ മറ്റൊരു 50 റൺസ് കൂടി കൂട്ടിച്ചേർത്ത് അഭിഷേക് തന്റെ സെഞ്ച്വറി പൂർത്തീകരിക്കുകയാണ് ഉണ്ടായത്. ഇന്നിംഗ്സിലൂടനീളം ആക്രമണ മനോഭാവം മാത്രമാണ് അഭിഷേക് ശർമ വച്ചുപുലർത്തിയത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ഒരുവശത്ത് അഭിഷേക് തന്റെ പ്രകടനത്തിൽ വിശ്വസിച്ചു മുൻപോട്ട് പോവുകയായിരുന്നു.