ക്രിക്കറ്റിലെ യോർക്കർ സ്പെഷ്യലിസ്റ്റുകളെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ബുമ്രയും മലിംഗയും ലിസ്റ്റിൽ.

bumrah yorker to dismiss pope

അവസാന ഓവറിലെ ബോളർമാരുടെ ഏറ്റവും വലിയ ആയുധമാണ് യോർക്കറുകൾ. ബാറ്റർമാരെ ക്രീസിൽ തന്നെ തളച്ചിടാനും റൺസ് ഒഴുകുന്നത് തടയാനും യോർക്കറുകൾ ബോളർമാരെ സഹായിക്കുന്നുണ്ട്. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോർക്കർ ബോളർമാരെ തിരഞ്ഞെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഇന്ത്യയുടെ പേസർമാരായ മുഹമ്മദ് ഷാമിയും ജസ്പ്രീത് ബൂമ്രയും അടങ്ങുന്ന യോർക്കർ ബോളർമാരുടെ ലിസ്റ്റാണ് ചോപ്ര പുറത്തുവിട്ടിരിക്കുന്നത്. ലസിത് മലിംഗയാണ് താൻ കണ്ട ഏറ്റവും മികച്ച യോർക്കർ ബോളർ എന്ന് ചോപ്ര പറയുകയുണ്ടായി.

“യോർക്കറുകളിലേക്ക് വരുമ്പോൾ ലസിത് മലിംഗയാണ് ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ബോളർ. യോർക്കർ എറിയുന്ന കാര്യത്തിൽ അവൻ ഒരു മാസ്റ്റർ തന്നെയായിരുന്നു. വളരെ വ്യത്യസ്തമായ യോർക്കറുകളാണ് മലിംഗയ്ക്ക് ഉള്ളത്. സ്ലോ യോർക്കറുകൾ എറിയാനും അവന് സാധിച്ചിരുന്നു. ഒരു മാച്ച് വിന്നർ തന്നെയായിരുന്നു മലിംഗ. വഖാർ യൂനിസും വളരെ നന്നായി യോർക്കർ എറിഞ്ഞിരുന്ന താരമാണ്. റൗണ്ട് ആം ആക്ഷനും അവന് ഗുണം ചെയ്തിട്ടുണ്ട്. മാത്രമല്ല വലിയ റണ്ണപ്പായിരുന്നു യൂനിസിന് ഉണ്ടായിരുന്നത്. യൂനിസ് പന്തറിയുന്നത് കാണുന്നത് തന്നെ വലിയ ആവേശമായിരുന്നു.”- ആകാശ് ചോപ്ര പറയുന്നു.

“ലോക ക്രിക്കറ്റ് കണ്ട മറ്റൊരു യോർക്കർ ബോളർ വസീം അക്രമാണ്. വളരെ വ്യത്യസ്തനായ ഒരു ബോളറായിരുന്നു അക്രം. കൃത്യമായി ബാറ്റർമാരുടെ മനോവികാരം മനസ്സിലാക്കുകയും അതിനനുസരിച്ച് പന്തറിയുകയും ചെയ്യാൻ അവന് സാധിച്ചിരുന്നു. വ്യത്യസ്ത ആംഗിളുകൾ ഉപയോഗിച്ച് വിക്കറ്റിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നും പന്തറിയാൻ അക്രമിന് ശ്രമിച്ചിട്ടുണ്ട്. ഒരു മത്സരബുദ്ധിയുള്ള ബോളർ തന്നെയായിരുന്നു വസീം അക്രം. നിലവിലെ ക്രിക്കറ്റിലേക്ക് വന്നാൽ ബൂമ്ര അതിശക്തമായി യോർക്കറുകൾ എറിയുന്ന താരമാണ്. നമ്മുടെ അഭിമാന താരമാണ് അവൻ. ടെസ്റ്റ് മത്സരത്തിൽ ഓലി പോപ്പിനെ ഒരു അത്യുഗ്രൻ യോർക്കറിലൂടെ ബുമ്ര പുറത്താക്കിയിരുന്നു. അത് അവിസ്മരണീയ ബോൾ തന്നെയായിരുന്നു.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

“യോർക്കറുകൾ കൊണ്ട് അമ്മാനമാടിയ മറ്റൊരു ബോളർ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ് ആണ്. 2005 ആഷസ് പരമ്പരയിൽ ഒരുപാട് യോർക്കർ പന്തുകൾ എറിയാൻ ഫ്ലിന്റോഫിന് സാധിച്ചിട്ടുണ്ട്. ഹൈ ആം ആക്ഷനും വലിയ സ്പീഡുമാണ് ഫ്ലിന്റോഫിന്റെ ശക്തി. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഒരുപാട് യോർക്കറുകൾ എറിഞ്ഞിട്ടുള്ള താരമാണ് വിൻഡീസ് ഓൾറൗണ്ടർ ബ്രവോ. സ്ലോ യോർക്കറുകൾ ആയിരുന്നു ബ്രാവോയുടെ ശക്തി. ഒരുപാട് പേസ് ഉണ്ടായിരുന്നില്ലെങ്കിലും വളരെ കാര്യക്ഷമമായി പന്തറിയാൻ അവന് സാധിച്ചിരുന്നു.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു.

Scroll to Top