വളരെ പെട്ടെന്നായിരുന്നു വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത് ശർമ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചതിന് 2 ദിവസങ്ങൾക്ക് ശേഷം വിരാട് കോഹ്ലിയും തന്റെ തീരുമാനം ബിസിസിഐയെ അറിയിക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ തീരുമാനം പുനർചിന്തയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് ബിസിസിഐ കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ നിലവിലെ തന്റെ തീരുമാനം വിരമിക്കുക എന്നത് തന്നെയാണ് എന്ന് കോഹ്ലി വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തിൽ പെട്ടെന്ന് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണത്തെ സംബന്ധിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് ഇപ്പോൾ.
ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ മികവ് പുലർത്താൻ സാധിക്കാതെ വന്നതാണ് വിരാട് കോഹ്ലിയുടെ വിരമിക്കലിനുള്ള ഒരു പ്രധാന കാരണം എന്നാണ് കൈഫിന്റെ വിലയിരുത്തൽ. “ഇപ്പോൾ വിരാട് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. എന്നിരുന്നാലും അവൻ ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കണം എന്നാണ് ഞാൻ കരുതുന്നത്. കാരണം അത്തരത്തിൽ മികവ് പുലർത്തി കോഹ്ലി തന്റെ കരിയർ അവസാനിപ്പിക്കാൻ തയ്യാറാവണം. അത്രമാത്രം മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യൻ ടീമിനായി വിരാട് കോഹ്ലി കാഴ്ചവച്ചത്. ഈ സാഹചര്യത്തിൽ മികച്ച ഒരു നോട്ടിൽ തന്നെ കോഹ്ലി കരിയർ അവസാനിപ്പിക്കേണ്ടതുണ്ട്.”- മുഹമ്മദ് കൈഫ് പറയുന്നു.
“ഒരുപക്ഷേ നിസഹായ അവസ്ഥയായിരിക്കാം വിരാട് കോഹ്ലിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. കാരണം കുറച്ചധികം വർഷങ്ങളായി വിരാട് കോഹ്ലിയെ ഒരു പ്രത്യേകതരം പന്ത് പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന ബോളുകളെ കൃത്യമായി നേരിടാൻ വിരാട് കോഹ്ലിയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിരുന്നില്ല. ഇത് അവന്റെ വിരമിക്കലിൽ ഒരു പ്രധാന കാരണമായി മാറാനും സാധ്യതയുണ്ട്.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
“കോഹ്ലിയുടെ മുൻപിലേക്ക് ബോൾ നാലാം നമ്പർ ലൈനിൽ വരുമ്പോൾ അവൻ നിരന്തരം പുറത്താവുന്നത് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും നമ്മൾ കണ്ടു. അത്തരമൊരു പ്രതിസന്ധിയിൽ നിന്ന് തിരിച്ചുവരാൻ കോഹ്ലി പലതരത്തിൽ ശ്രമിച്ചിട്ടും സാധ്യമായിരുന്നില്ല. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലും ഇതു തന്നെയാണ് കോഹ്ലിയ്ക്ക് സംഭവിച്ചത്. ശേഷം ഓസ്ട്രേലിയയിലും ഇതേ രീതിയിൽ തന്നെ കോഹ്ലി പല മത്സരങ്ങളിലും പുറത്തായി. മാത്രമല്ല നമ്മുടെ നാട്ടിൽ ന്യൂസിലാൻഡിനെതിരെയും ഇതേ രീതിയിൽ തന്നെയാണ് കോഹ്ലി മൈതാനം വിട്ടിരുന്നത്. എന്നാൽ ഇതിൽ നിന്ന് തിരിച്ചുവരാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു.”- മുഹമ്മദ് കൈഫ് പറഞ്ഞുവെക്കുന്നു.



