നാടകീയമായ പല പ്രവചനങ്ങൾക്കും ഒടുവിൽ തങ്ങളുടെ നായകനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം. 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രജത് പട്ടിദാറിനെയാണ് ബാംഗ്ലൂർ ടീം നായകനായി നിശ്ചയിച്ചിരിക്കുന്നത്. ടീമിന്റെ നായകനാവാൻ വിരാട് കോഹ്ലിയ്ക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും, താരം താൽപര്യമില്ല എന്ന് കൃത്യമായി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പട്ടിദാറിനെ നായകനാക്കാൻ ബാംഗ്ലൂർ തീരുമാനിച്ചത്. ഇത്തവണ ബാംഗ്ലൂർ ടീം നിലനിർത്തിയ ചുരുക്കം താരങ്ങളിൽ ഒരാളാണ് പട്ടിദാർ. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനമാണ് താരം ബാംഗ്ലൂരിനായി കാഴ്ച വച്ചിരുന്നത്.
കോഹ്ലിക്ക് പുറമേ സീനിയർ താരമായ ക്രൂണാൽ പാണ്ട്യയേയും ബാംഗ്ലൂർ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പക്ഷേ ഇതേ സംബന്ധിച്ചുള്ള ചർച്ചകളും വിഫലമായി മാറുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ പട്ടിദാർ കാഴ്ചവച്ചത്. മധ്യപ്രദേശ് ടീമിന്റെ നായകനായാണ് രജത് പട്ടിദാർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാറുള്ളത്. എന്നിരുന്നാലും ഇതാദ്യമായാണ് യുവതാരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നത്. എന്നിരുന്നാലും സമീപകാലത്ത് നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ പട്ടിദാറിന് സാധിച്ചിരുന്നു കഴിഞ്ഞ വർഷത്തെ സൈദ് മുഷ്തഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനെ ഫൈനലിലെത്തിച്ച നായകനാണ് പട്ടിദാർ
കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി 11 കോടി രൂപയ്ക്കായിരുന്നു ബാംഗ്ലൂർ ടീം പട്ടിദാറിനെ ടീമിൽ നിലനിർത്തിയത്. സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണ്ണമെന്റ് നടക്കുന്ന സമയത്ത് ബാംഗ്ലൂരിന്റെ നായകനാവുമോ എന്ന ചോദ്യം ഉയർന്നപ്പോൾ പട്ടിദാർ നൽകിയ മറുപടി രസകരമായിരുന്നു. അത്തരം ഒരു ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചാൽ അത് സന്തോഷത്തോടെ ഏറ്റെടുക്കും എന്നാണ് അന്ന് പട്ടിദാർ പറഞ്ഞത്. കഴിഞ്ഞ സീസണിൽ ദക്ഷിണാഫ്രിക്കയുടെ മുൻകാരമായ ഫാഫ് ഡുപ്ലസ്സിസ് ആയിരുന്നു ബാംഗ്ലൂരിനെ നയിച്ചത്. എന്നാൽ ഇത്തവണത്തെ മെഗാലേലത്തിന് മുൻപ് ഡുപ്ലസിയെ ബാംഗ്ലൂർ ഒഴിവാക്കുകയാണ് ഉണ്ടായത്.
ബാംഗ്ലൂർ ടീമിന്റെ എട്ടാമത്തെ നായകനാണ് രജത് പട്ടിദാർ. 2008ലെ ഐപിഎല്ലിന്റെ തുടക്ക സീസണിൽ രാഹുൽ ദ്രാവിഡ് ആയിരുന്നു ബാംഗ്ലൂർ ടീമിന്റെ നായകൻ. ശേഷം 2009ൽ കെവിൻ പീറ്റേഴ്സൺ ബാംഗ്ലൂർ ടീമിനെ 6 മത്സരങ്ങളിൽ നയിക്കുകയുണ്ടായി. പിന്നീട് അനിൽ കുംബ്ലെയും ഡാനിയൽ വെട്ടോറിയും ബാംഗ്ലൂർ ടീമിന്റെ നായകന്മാരായി എത്തിയിരുന്നു. 2017ൽ 3 മത്സരങ്ങളിൽ ബാംഗ്ലൂരിനെ നയിക്കാൻ ഷെയ്ൻ വാട്ട്സണും അവസരം ലഭിച്ചു. 2011 മുതൽ 2023 വരെ ബാംഗ്ലൂരിനെ 143 മത്സരങ്ങളിൽ നയിച്ച വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ ഏറ്റവും മുൻപിൽ. ഇതിന് ശേഷമാണ് ഇപ്പോൾ 31കാരനായ പട്ടിദാർ എത്തിയിരിക്കുന്നത്.