കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

458480672 122103842336505809 7817637935020690638 n e1725727292238

കേരള ക്രിക്കറ്റ് ലീഗിൽ ശക്തരായ കൊല്ലം ടീമിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 18 റൺസിന്റെ വിജയമാണ് കൊച്ചി സ്വന്തമാക്കിയത്. കൊല്ലം ടീമിന്റെ ടൂർണമെന്റിലെ ആദ്യ പരാജയമാണ് മത്സരത്തിൽ പിറന്നത്

കൊച്ചിയ്ക്കായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് ആനന്ദ് കൃഷ്ണനാണ്. ബോളിങ്ങിൽ നായകൻ ബേസിൽ തമ്പി മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്താൻ കൊച്ചിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ 4 മത്സരങ്ങൾ കളിച്ച കൊച്ചി 2 മത്സരങ്ങളിൽ വിജയം നേടി.

മത്സരത്തിൽ ടോസ് നേടിയ കൊച്ചി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ പതിയെയാണ് കൊച്ചി ബാറ്റർമാർ ഇന്നിങ്സ് ആരംഭിച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും അടിച്ചുതകർത്ത ജോബിൻ ജോബി പതിഞ്ഞ താളത്തിൽ കളിച്ചത് കൊച്ചിയെ ബാധിച്ചു. എന്നാൽ ഇന്നിങ്സിന്റെ മധ്യസമയത്ത് കൃത്യമായി കൊച്ചി താളം തിരിച്ചുപിടിക്കുകയായിരുന്നു. ആനന്ദ് കൃഷ്ണനാണ് മത്സരത്തിൽ ആദ്യം ആക്രമണം അഴിച്ചുവിട്ടത്. 34 പന്തുകൾ മത്സരത്തിൽ നേരിട്ട ആനന്ദ് 54 റൺസാണ് നേടിയത്. 2 ബൗണ്ടറികളും 5 സിക്സറുകളും ആനന്ദിന്റെ ഇന്നിങ്സില്‍ ഉൾപ്പെട്ടു.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

ജോബിൻ ജോബി 50 പന്തുകളിൽ 51 റൺസാണ് നേടിയത്. ഇങ്ങനെ കൊച്ചി തരക്കേടില്ലാത്ത ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 147 റൺസാണ് കൊച്ചി സ്വന്തമാക്കിയത്. കൊല്ലത്തിനായി ആസിഫ് 4 വിക്കറ്റുകളും ഷറഫുദ്ദീൻ 3 വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് ഒരു ബാറ്റിംഗ് ദുരന്തം തന്നെയാണ് തുടക്കത്തിൽ ഉണ്ടായത്. മുൻനിര ബാറ്റർമാർ അമ്പെ പരാജയപ്പെട്ടത് കൊല്ലത്തെ ബാധിച്ചു. ശേഷം നാലാമനായി ക്രീസിലെത്തിയ ഗോവിന്ദാണ്(23) അല്പമെങ്കിലും പിടിച്ചുനിന്നത്.

അവസാന ഓവറുകളിൽ ഷറഫുദ്ദീൻ വെടിക്കെട്ട് തീർത്തത് കൊല്ലത്തിന് പ്രതീക്ഷ നൽകി. പരാജയത്തിന്റെ പടിവാതുക്കൽ നിന്ന് വമ്പൻ ആക്രമണത്തോടെ ഷറഫുദ്ദീൻ കൊല്ലത്തെ തിരികെ കൊണ്ടുവരുകയായിരുന്നു. ഇതോടെ കൊല്ലത്തിന് വിജയപ്രതീക്ഷയെത്തി. എന്നാൽ ബേസിൽ തമ്പി അടക്കമുള്ളവർ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ അവസാന ഓവറുകളിൽ കൊച്ചിയ്ക്ക് മത്സരം തിരികെ പിടിക്കാൻ സാധിച്ചു. ഷറഫുദ്ദീൻ മത്സരത്തിൽ 24 പന്തുകളിൽ 3 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 49 റൺസാണ് നേടിയത്.

Scroll to Top