“കൂടുതൽ ആംഗിളുകൾ നോക്കണമാരുന്നു. കാട്ടിയത് അബദ്ധം”- സഞ്ജു വിവാദത്തിൽ തേർഡ് അമ്പയറിനെതിരെ മുൻ താരം.

80ead144 04fe 428f a0c0 ed1f1963d034 1

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരുപാട് അസ്വാഭാവിക സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് സഞ്ജു സാംസണിന്റെ പുറത്താകലായിരുന്നു. ലോങ് ഓണിന് മുകളിലൂടെ ഒരു സിക്സർ പായ്ക്കാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. പക്ഷേ ലോങ് ഓണിൽ ഉണ്ടായിരുന്ന ഷെയ് ഹോപ്‌ ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയുണ്ടായി.

പക്ഷേ ഹോപ്പിന്റെ കാൽപാദം ബൗണ്ടറിയിൽ സ്പർശിച്ചോ എന്ന സംശയത്തിന്റെ പേരിൽ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറിയിരുന്നു. ഒരു പ്രത്യേക ആംഗിളിൽ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു എന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ അതിനെക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യാതെ തന്നെ അമ്പയർ സഞ്ജുവിനെ പുറത്താക്കി. ഈ മോശം അമ്പയറിങ്ങിന് എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ താരം പോൾ കോളിംഗ്വുഡ്.

മത്സരത്തിലെ തേർഡ് അമ്പയറായ മൈക്കിൾ ഗോഫ് തന്റെ സുഹൃത്താണെന്നും, എന്നാൽ ഇത്തരത്തിൽ മോശം തീരുമാനം കൈക്കൊള്ളുമെന്ന് കരുതിയില്ല എന്നും കോളിംഗ്വുഡ് പറയുന്നു. സഞ്ജുവിന്റെ പുറത്താകൽ സമയത്ത് കുറച്ച് ആംഗിളുകൾ കൂടി അമ്പയർ പരിശോധിക്കേണ്ടിയിരുന്നു എന്നാണ് കോളിംഗ്വുഡ് പറയുന്നത്.

“മൈക്കിൾ ഗോഫ് എന്റെ അടുത്ത സുഹൃത്ത് തന്നെയാണ്. ഞാൻ അവനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല. മറ്റൊരു ആംഗിൾ കൂടി ആ സമയത്ത് അവൻ പരിശോധിക്കണമായിരുന്നു. ഒന്നൂടെ ചെക്ക് ചെയ്യേണ്ടിയിരുന്നു. കാരണം അത് വളരെ വളരെ ക്ലോസായ ഒരു ക്യാച്ചായിരുന്നു. ഇത്തരം തീരുമാനങ്ങളും ഇത്തരം നിമിഷങ്ങളും മത്സരങ്ങളിൽ വലിയ രീതിയിൽ വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഈ തീരുമാനത്തിനായി ചിലവഴിക്കേണ്ടിയിരുന്നു.”- കോളിംഗ്വുഡ് പറഞ്ഞു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ സംഘാടകർക്ക് വളരെ പെട്ടെന്ന് കാര്യങ്ങൾ നടത്താനാണ് താല്പര്യം. അക്കാര്യം എനിക്കറിയാം. അതുകൊണ്ടുതന്നെ അമ്പയർമാരോടും വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പക്ഷേ ആ സാഹചര്യത്തിൽ കുറച്ച് ആംഗിളുകൾ കൂടി അവർ പരിശോധിക്കേണ്ടിയിരുന്നു. കുറച്ചുകൂടി വ്യക്തത വന്നതിന് ശേഷമേ തീരുമാനമെടുക്കാൻ പാടുള്ളൂ. അതായിരുന്നു മുൻപോട്ട് പോകാനുള്ള ഏറ്റവും ഉത്തമമായ മാർഗം.”- കോളിംഗ്വുഡ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ 46 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 86 റൺസാണ് നേടിയത്. മുകേഷ് കുമാർ എറിഞ്ഞ പതിനാറാം ഓവറിലാണ് സഞ്ജു സാംസൺ പുറത്തായത്. ഇതിന് ശേഷം രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നു വീഴുന്നതാണ് കണ്ടത്. പവൽ അവസാന നിമിഷം വരെ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായി രീതിയിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലായിരുന്നു രാജസ്ഥാൻ 20 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിലെ രാജാസ്ഥന്റെ പരാജയത്തിൽ മോശം അംപയറിങ്ങിനെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്ത് വന്നിരുന്നു.

Scroll to Top