കിവികളെ പൂട്ടിയതിൽ സന്തോഷം. ഇനി ലക്ഷ്യം ഓസ്ട്രേലിയ. തുറന്ന് പറഞ്ഞ് രോഹിത്.

ന്യൂസിലാൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 44 റൺസിന്റെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യറുടെ അർത്ഥസെഞ്ച്വറിയുടെ മികവിൽ 249 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ വരുൺ ചക്രവർത്തി ഇന്ത്യയുടെ തേരാളി ആയപ്പോൾ 205 റൺസിന് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 5 വിക്കറ്റുകളായിരുന്നു വരുൺ മത്സരത്തിൽ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലിലേക്ക് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിലെ വിജയത്തെപറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

“ഇത്തരം ടൂർണമെന്റുകളിൽ ഏറ്റവും മികച്ച രീതിയിൽ ഫിനിഷ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിൽ ന്യൂസിലാൻഡ് വളരെ മികച്ച ടീമാണ്. കഴിഞ്ഞ സമയങ്ങളിൽ മികച്ച രീതിയിൽ കളിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഒരു മത്സരത്തിൽ ഞങ്ങൾക്ക് ആവശ്യമായ ഫലം ലഭിക്കുക എന്നത് പ്രധാനപ്പെട്ടതായിരുന്നു. നന്നായി തന്നെ മത്സരത്തിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. 30 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട സ്റ്റേജിൽ നിന്ന് ഒരു കൃത്യമായ കൂട്ടുകെട്ട് കെട്ടിപ്പടുക്കേണ്ടത് ആവശ്യമായിരുന്നു. അതിനുശേഷം ഞങ്ങൾ ഒരു മികച്ച സ്കോറിലെത്തി എന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് ശർമ പറഞ്ഞു.

“249 റൺസ് എന്ന ടോട്ടൽ പ്രതിരോധിക്കാൻ സാധിക്കുന്ന നിലവാരമുള്ള ബോളിംഗ് നിര ഞങ്ങൾക്കുണ്ടായിരുന്നു. വരുൺ ചക്രവർത്തി ഒരുപാട് പ്രത്യേകതകളുള്ള ബോളറാണ്. അതുകൊണ്ടു തന്നെ അവന് ഞങ്ങൾക്ക് വേണ്ടി എത്രമാത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അടുത്ത മത്സരത്തെ സംബന്ധിച്ച് വലിയ വ്യക്തത ഞങ്ങൾക്കുണ്ടായിരുന്നില്ല. ഇത്തരം ടൂർണമെന്റ്കളിൽ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്. വളരെ ലഘുവായ ടൂർണമെന്റ് ആയതിനാൽ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി വരേണ്ടതുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

“പിഴവുകൾ വളരെ പെട്ടെന്ന് തന്നെ തിരുത്തേണ്ടതുണ്ട്. അത്തരത്തിൽ മാത്രമേ നമ്മുടെ ടീമിന്റെ സ്ഥിരത നമുക്ക് മനസ്സിലാക്കാൻ സാധിക്കു. ഓസ്ട്രേലിയക്കെതിരെയാണ് ഞങ്ങളുടെ സെമിഫൈനൽ മത്സരം നടക്കുന്നത്. അതും ഒരു മികച്ച മത്സരമായിരിക്കും. ഇതുവരെ ഐസിസി ടൂർണമെന്റുകളിൽ വളരെ മികച്ച ചരിത്രമാണ് ഓസ്ട്രേലിയയ്ക്കുള്ളത്. എന്നിരുന്നാലും സെമിഫൈനൽ ദിവസം ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം സ്വന്തമാക്കാൻ ശ്രമിക്കും. എന്തായാലും അതൊരു വലിയ പോരാട്ടം തന്നെയായിരിക്കും. അതിലേക്കാണ് ഞങ്ങൾ ശ്രദ്ധ വയ്ക്കുന്നത്.”- രോഹിത് പറഞ്ഞുവെക്കുന്നു.