ഇന്ത്യയ്ക്കെതിരായ ദയനീയമായ പരാജയത്തിന് ശേഷം പാകിസ്ഥാൻ ടീമിനെയും താരങ്ങളെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റർമാർ. മത്സരത്തിൽ പാകിസ്ഥാൻ പുറത്തെടുത്ത മോശം പ്രകടനത്തെ വിമർശിക്കുന്നതിനൊപ്പം മൈതാനത്തെ പാക്കിസ്ഥാന്റെ ചില ചേഷ്ടകളെയും വസീം അക്രം അടക്കമുള്ള താരങ്ങൾ ചോദ്യം ചെയ്യുകയുണ്ടായി.
ഗില്ലിന്റെ വിക്കറ്റ് നേടിയ ശേഷം സ്പിന്നർ അബ്രാർ നടത്തിയ പരിഹാസ ആഘോഷമാണ് വസീം അക്രത്തിനെ ചൊടിപ്പിച്ചത്. അതേസമയം ടീമിന്റെ പേസ് നിരയിലെ മോശം പ്രകടനത്തെയാണ് മുഹമ്മദ് ഹഫീസ് ചോദ്യം ചെയ്തത്.
“മത്സരത്തിൽ ഗില്ലിനെ പുറത്താക്കിയ ആ പന്ത് വളരെ മികച്ചതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ആ പന്ത് എനിക്ക് വളരെ ഇഷ്ടമായി. പക്ഷേ താരത്തിനെ പുറത്താക്കിയ ശേഷം അബ്രാർ നടത്തിയ ആഘോഷം എനിക്ക് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. കാരണം ഓരോ ആഘോഷത്തിനും ഓരോ സമയമുണ്ട്. നമ്മുടെ ടീം വിജയത്തിലേക്ക് നീങ്ങുകയാണെങ്കിൽ നമുക്ക് ധൈര്യമായി ആഘോഷിക്കാൻ സാധിക്കും. പക്ഷേ ടീം വിജയത്തിൽ നിന്ന് ഒരുപാട് അകലെ നിൽക്കുമ്പോൾ കുറച്ച് എളിമ കാണിക്കുന്നതാണ് ഉത്തമം. ഇവിടെ സംഭവിച്ചത് അതല്ല. പരാജയത്തിലേക്ക് ടീം കൂപ്പുകുത്തുന്ന സമയത്ത് 5 വിക്കറ്റുകൾ സ്വന്തമാക്കിയ രീതിയിലുള്ള പരിഹാസമാണ് അബ്രാർ നടത്തിയത്. ഈ ആഘോഷമാണ് എല്ലാം നശിക്കാൻ കാരണമായത്.”- അക്രം പറഞ്ഞു.
മത്സരത്തിനു മുൻപ് തന്നെ പാക്കിസ്ഥാൻ താരങ്ങൾ വലിയ സമ്മർദ്ദത്തിലായിരുന്നു എന്നാണ് മുൻ നായകൻ മിയാൻദാദ് പറഞ്ഞത്. “ടീമിന്റെ സംവിധാനങ്ങളെയും സെലക്ടർമാരെയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ടീമിലെ താരങ്ങൾക്ക് എന്തെങ്കിലും തരത്തിൽ പോരായ്മകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ക്രിക്കറ്റ് ബോർഡ് വേണ്ട രീതിയിൽ ഇവരുടെ കാര്യത്തിൽ ഇടപെടണം. ആവശ്യത്തിന് താരങ്ങൾക്ക് പ്രതിഫലം നൽകണം. അങ്ങനെയെങ്കിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള ആവേശമൊക്കെ താരങ്ങൾക്ക് വരും.”- മിയാൻദാദ് പറയുന്നു.
എന്നാൽ ഇത്തരം ഒരു ഫലമാണ് താൻ എന്നാണ് മുൻ പേസർ അക്തർ പറഞ്ഞത്. “എനിക്ക് ഈ പരാജയത്തിൽ നിരാശയില്ല. കാരണം ഇതാണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്കറിയാമായിരുന്നു. കാരണം 5 സ്പെഷലിസ്റ്റ് ബോളർമാർ ഇല്ലാതെയാണ് പാകിസ്ഥാൻ മത്സരത്തിന് ഇറങ്ങിയത്. മറ്റു ടീമുകൾ എല്ലാവരും 5 ബോളർമാരെയാണ് കളിപ്പിക്കാറുള്ളത്. നമ്മൾ മാത്രം ഓൾറൗണ്ടർമാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലുള്ള ചിന്ത എന്താണെന്ന് എനിക്കറിയില്ല. എന്നാൽ ടീം മാനേജ്മെന്റിനും കാര്യങ്ങളൊന്നും മനസ്സിലാവുന്നില്ല എന്ന് ഞാൻ കരുതുന്നു. അത്തരത്തിൽ എനിക്ക് വലിയ നിരാശയുണ്ട്.”- അക്തർ പറയുകയുണ്ടായി.



