ഓസീസിനെ വിറപ്പിച്ച് മിന്നുമണി. ടെസ്റ്റിന്റെ ആദ്യ ദിവസം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

minnu mani

ഓസ്ട്രേലിയ എ വനിതാ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ മിന്നിത്തിളങ്ങി കേരള താരം മിന്നുമണി. മത്സരത്തിന്റെ ആദ്യ ദിവസം തകര്‍പ്പന്‍ ബോളിംഗ് പ്രകടനം പുറത്തെടുത്താണ് മിന്നുമണി ഇന്ത്യയ്ക്കായി മികവ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ ദിവസം ഓസ്ട്രേലിയയെ വരിഞ്ഞുമുറുകാന്‍ മിന്നുമണിയ്ക്ക് സാധിച്ചു.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ എ ടീമിന്റെ 5 വിക്കറ്റുകളാണ് കേരളത്തിന്റെ മിന്നും താരം സ്വന്തമാക്കിയത്. ഒപ്പം പ്രിയ മിശ്ര 4 വിക്കറ്റുകൾ കൂടി സ്വന്തമാക്കിയതോടെ ഓസ്ട്രേലിയൻ നിര പൂർണമായി തകർന്നു വീഴുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. വളരെ മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ജോർജിയ ബോൾ നൽകിയത്. മത്സരത്തിൽ 71 റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. എന്നാൽ ഇതിനിടെ മിന്നുമണിയും പ്രിയാ മിശ്രയും ചേർന്ന് ഓസ്ട്രേലിയ എ ടീമിനെ വിറപ്പിച്ചു.

ടീമിന്റെ നായക ചാർലി നോട്ടിനെ പുറത്താക്കിയാണ് മിന്നുമണി വിക്കറ്റ് വേട്ട ആരംഭിച്ചത്. ശേഷം മധ്യനിരയിലെ ഓസ്ട്രേലിയയുടെ കരുത്തുകളെ ഒക്കെയും കൂടാരം കയറ്റാൻ കേരളത്തിന്റെ അഭിമാന താരത്തിന് സാധിച്ചു. അപകടകാരികളായ മാടി ഡാർക്ക്, ബ്രൗൺ, ലില്ലി മിൽസ് എന്നിവരെ മിന്നുമണി മടക്കി അയച്ചു.

Read Also -  ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.

ശേഷം അവസാനം വാലറ്റക്കാരിയായ പാർസൺസിനെയും പുറത്താക്കിയാണ് മിന്നുമണി തന്റെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് കേവലം 212 റൺസിൽ അവസാനിക്കുകയും ചെയ്തു. ഇന്നിംഗ്സിൽ 21 ഓവറുകളാണ് മിന്നുമണി പന്തറിഞ്ഞത്. ഇതിൽ നിന്ന് 58 റൺസ് മാത്രം വിട്ടുനൽകിയാണ് മിന്നുമണി 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. പ്രിയാ മിശ്ര 58 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എയ്ക്ക് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ആദ്യ ദിവസം ലഭിച്ചത്.

ഇന്ത്യയ്ക്കായി ഓപ്പണർ ശ്വേതാ സെറാവത്ത് ശക്തമായി ക്രീസിലുറച്ചു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 109 പന്തുകൾ നേരിട്ട സെറാവത്ത് 40 റൺസ് നേടിയിട്ടുണ്ട്. 64 പന്തുകൾ നേരിട്ട് 31 റൺസ് നേടിയ ഹസാബ്നിസ് ശ്വേതയ്ക്കൊപ്പം ക്രീസിലുണ്ട്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറിനേക്കാൾ കേവലം 112 റൺസ് മാത്രം പിറകിലാണ് ഇന്ത്യ ഇപ്പോൾ. മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ ലീഡ് കണ്ടെത്തി ഓസ്ട്രേലിയയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാനാണ് ഇന്ത്യൻ ശ്രമം.

Scroll to Top