“ഒരു താരത്തെ മാത്രം ആശ്രയിക്കരുത്”, ചാമ്പ്യൻസ് ട്രോഫി ജയിക്കാൻ രോഹിതിന് ഉപദേശവുമായി കപിൽ ദേവ്..

2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനും നായകൻ രോഹിത് ശർമയ്ക്കും ആശംസകൾ അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ കപ്പിൽ ദേവ്. 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും എല്ലാ താരങ്ങളും ടീമിനായി മികവ് പുലർത്തണമെന്നും കപിൽ ദേവ് പറയുകയുണ്ടായി.

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫീ ടൂർണമെന്റ് നടക്കുന്നത്. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 15 മത്സരങ്ങളാണുള്ളത്. പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ടൂർണമെന്റിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ വച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കപിൽ ദേവ് ആശംസകളുമായി രംഗത്തെത്തിയത്.

നിലവിലെ ഇന്ത്യൻ ടീമിന്റെ ഘടന എടുത്തുകാട്ടിയാണ് കപിൽ ദേവ് സംസാരിച്ചത്. ടീമിലുള്ള എല്ലാ താരങ്ങളും വളരെ നിർണായകമായ റോൾ ടൂർണമെന്റിൽ വഹിക്കുമെന്ന് കപിൽ ദേവ് പറഞ്ഞു. “ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുകയാണ്. എല്ലാവിധ ഭാഗ്യവും ടൂർണമെന്റിൽ ഉണ്ടാവട്ടെ. എല്ലാ താരങ്ങളും ടീമിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഇതുപോലെയുള്ള ചാമ്പ്യൻഷിപ്പുകൾ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സംഭാവനകൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഒരു താരത്തിൽ മാത്രം ആശ്രയിക്കാതിരിക്കുക. ടീമിനെ പൂർണമായി ആശ്രയിക്കുക.”- കപിൽ ദേവ് പറയുകയുണ്ടായി.

ടൂർണമെന്റിൽ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഫെബ്രുവരി 23നാണ് നടക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. ലീഗ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം മാർച്ച് 2ന് ന്യൂസിലാൻഡിനെതിരെ നടക്കും. ഇത്തരത്തിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ സ്വന്തമാക്കിയ വിജയം വലിയ ആത്മവിശ്വാസം തന്നെ നൽകുന്നുണ്ട്.

എന്നിരുന്നാലും ജസ്പ്രീറ്റ് ബുമ്രയുടെ അഭാവം ഇന്ത്യൻ ടീമിനെ ടൂർണമെന്റിൽ അലട്ടാൻ സാധ്യതയുണ്ട്. 2024 ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പേസറാണ് ബൂമ്ര. എന്നാൽ നിലവിൽ ബുമ്ര പരിക്ക് മൂലം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും മാറി നിൽക്കുകയാണ്. ബുമ്രയ്ക്ക് പകരക്കാരനായി ഹർഷിത് റാണയാണ് ഇത്തവണ ഇന്ത്യൻ ടീമിൽ കളിക്കുന്നത്. മുൻനിര ബാറ്റർമാരുടെ മികച്ച ഫോമാണ് നിലവിൽ ഇന്ത്യൻ ടീമിന് ടൂർണമെന്റിൽ വലിയ പ്രതീക്ഷകൾ നൽകുന്നത്.

Previous article“നിലവിൽ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം അവനാണ്”, മുൻ ഇന്ത്യൻ താരം പറയുന്നു.