ഏത് പിച്ചിലും ബാറ്റർമാരെ കബളിപ്പിക്കാൻ അവന് സാധിക്കും. ഇന്ത്യയുടെ അത്ഭുത ബോളറെ പറ്റി ബാസിത് അലി.

india test

കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള പേസറാണ് ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വിക്കറ്റ് ആവശ്യമായ സമയങ്ങളിലൊക്കെയും തകർപ്പൻ പ്രകടനങ്ങളുമായി ബുംറ രംഗത്ത് വന്നിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിലടക്കം ബുംറയുടെ പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ലോകനിലവാരമുള്ള ബാറ്റർമാരെ കുഴപ്പിക്കുന്ന ബോളിംഗ് ആക്ഷനാണ് ബുംറയ്ക്കുള്ളത്. ഇപ്പോൾ ബുംറയുടെ ബോളിംഗ് മികവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി.

വ്യത്യസ്തമായ ബോളിംഗ് ആക്ഷനും, പിച്ചിനെ കണക്കിലെടുക്കാതെയുള്ള മികച്ച പ്രകടനങ്ങളും ബുംറയുടെ പ്രത്യേകതയാണ് എന്ന് ബാസിത് അലി പറയുന്നു. വർഷങ്ങളായി ഇത്തരത്തിൽ മികച്ച പ്രകടനം ബുംറ കാഴ്ചവയ്ക്കുന്നത് വലിയ സന്തോഷം നൽകുന്നുണ്ട് എന്നാണ് ബാസിത് അലി കൂട്ടിച്ചേർത്തത്.

ബുംറയുടെ ബോളിംഗ് ആക്ഷൻ മോശമാണ് എന്ന് ബാസിത് അലി പറയുന്നു. പക്ഷേ ഈ സാഹചര്യത്തിലും ബുംറയുടെ വിജയത്തിലെ പ്രധാന ഘടകം ബോളിംഗ് ആക്ഷൻ തന്നെയാണ് എന്ന് ബാസിത് പറയുന്നു. എത്ര ഫ്ലാറ്റായ പിച്ചിലും ബാറ്റർമാരെ പറ്റിച്ച് വിക്കറ്റ് കണ്ടെത്താൻ ബുംറയ്ക്ക് സാധിക്കും എന്നാണ് ബാസിത് പറഞ്ഞത്.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

“നമ്മൾ ഒരു സിമന്റ് കൊണ്ടുണ്ടാക്കിയ പിച്ചിൽ ബുംറയെ കളിപ്പിച്ചാലും ബാറ്റർമാരെ കബളിപ്പിച്ചു വിക്കറ്റുകൾ സ്വന്തമാക്കാൻ അവന് സാധിക്കും. അത് വളരെ വിചിത്രമായ കാര്യമാണ്. അതാണ് സത്യം. ഇക്കാരണം കൊണ്ടാണ് ഞാൻ അവനെ ബൂം ബൂം എന്ന് വിളിക്കുന്നത്. ലോക ക്രിക്കറ്റിലെ മറ്റു ബോളർമാർ ഒന്നും അങ്ങനെയല്ല. നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ അവൻ എറിയുന്ന പന്തുകളൊക്കെയും കൃത്യമായ രീതിയിൽ തന്നെയാണ് എത്താറുള്ളത്. ടെസ്റ്റ് ഫോർമാറ്റിലും സവിശേഷമായ രീതി ബുംറയ്ക്കുണ്ട്.”- ബാസിത് അലി പറഞ്ഞു.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ ബുംറയ്ക്ക് വിശ്രമം നൽകിയിരുന്നു. ഇതിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ബുംറ ഇപ്പോൾ. സെപ്റ്റംബർ 19ന് ചെന്നൈയിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ബുംറ ഇന്ത്യൻ ടീമിലേക്ക് തിരികെ വരുന്നത്. ഇതിന് ശേഷം ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ബുംറ കളിക്കും എന്നാണ് കരുതുന്നത്. വർഷാവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും വജ്രായുധമായി ബുംറ തന്നെയാണ് ഉണ്ടാവുക.

Scroll to Top