എഴുതി തള്ളിയവർക്ക് മുമ്പിൽ ഹിറ്റ്മാൻ ഷോ. കട്ടക്കിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം.

രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 4 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 എന്ന വമ്പൻ സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമണം പുറത്തെടുത്തതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 2- 0 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ടോസ് നേടിയ ഇംഗ്ലണ്ട് മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഡക്കറ്റ് ഇംഗ്ലണ്ടിന് നൽകിയത്. 56 പന്തുകളിൽ 65 റൺസാണ് ഡക്കറ്റ് നേടിയത്. ശേഷമെത്തിയ റൂട്ടും മികവ് പുലർത്തിയതോടെ ഇംഗ്ലണ്ട് ഒരു കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. 69 റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. ഒപ്പം മധ്യനിരയിൽ 34 റൺസ് നേടിയ ബട്ലറും 41 റൺസ് നേടിയ ലിവിങ്സ്റ്റണും അടിച്ചു തകർത്തു. ഇതോടെ ഇംഗ്ലണ്ട് 300 റൺസ് പിന്നിട്ടു. തങ്ങളുടെ ഇന്നിംഗ്സിൽ 304 റൺസാണ് ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. ഇന്ത്യക്കായി ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത് രവീന്ദ്ര ജഡേജയായിരുന്നു.

പിച്ചിൽ നിന്ന് ലഭിച്ച ആനുകൂല്യം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ ജഡേജയ്ക്ക് സാധിച്ചു. കേവലം 35 റൺസ് മാത്രം വിട്ടുനൽകിയാണ് ജഡേജ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ശർമയുടെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. മറ്റൊരു ഓപ്പണമായ ഗില്ലിനെയും കൂട്ടുപിടിച്ച് പവർപ്ലേ ഓവറുകളിൽ ഇംഗ്ലണ്ടിന്മേൽ പൂർണ്ണമായ ആധിപത്യം സ്ഥാപിക്കാൻ രോഹിത്തിന് സാധിച്ചു. മത്സരത്തിൽ 52 പന്തുകളിൽ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 60 റൺസായിരുന്നു ശുഭമാൻ ഗിൽ നേടിയത്. ഗിൽ പുറത്തായ ശേഷവും രോഹിത് തന്റെ ആക്രമണം തുടർന്നു.

90 പന്തുകൾ മത്സരത്തിൽ നേരിട്ട രോഹിത് ശർമ 119 റൺസ് ആണ് നേടിയത്. 12 ബൗണ്ടറികളും 7 സിക്സറുകളും രോഹിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ 47 പന്തുകളിൽ 44 റൺസുമായി മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. പിന്നാലെ അക്ഷർ പട്ടേലും അവസാന സമയങ്ങളിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെ ഇന്ത്യ 4 വിക്കറ്റുകളുടെ വിജയം നേടുകയായിരുന്നു. 33 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ തകർപ്പൻ വിജയം. ഇതോടെ പരമ്പരയും ഇന്ത്യ തങ്ങളുടെ പേരിൽ ചേർത്തിട്ടുണ്ട്.