നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാനുള്ള മത്സരത്തിലാണ് ഇന്ത്യയുടെ യുവ താരങ്ങളൊക്കെയും. സ്ക്വാഡിലെ വിക്കറ്റ് കീപ്പർ തസ്തികയിലേക്ക് മത്സരിക്കുന്ന പ്രധാന താരങ്ങളിൽ രണ്ടുപേർ മലയാളി താരം സഞ്ജു സാംസനും ഇഷാൻ കിഷനുമാണ്.
ഐപിഎല്ലിലെ ഇരുവരുടെയും പ്രകടനങ്ങൾ കണക്കിലെടുത്താൽ സഞ്ജു സാംസൺ തന്നെയാണ് നിലവിൽ ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ സാധ്യതയുള്ള താരം. ലോകകപ്പ് ടീമിൽ ഇടം പിടിക്കുന്നതിനായി ഇഷാൻ കിഷിനുമായുള്ള മത്സരത്തെപ്പറ്റി സഞ്ജു സംസാരിക്കുകയുണ്ടായി. താൻ ഇത്തരത്തിൽ കിഷനുമായി ഒരു മത്സരം നടത്തുന്നില്ല എന്നാണ് സഞ്ജു പറഞ്ഞത്.
കിഷൻ വളരെ മികച്ച ഒരു താരമാണെന്നും അതിനാൽ തന്നെ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുവെന്നും സഞ്ജു സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി. മത്സരത്തിന്റെ എല്ലാ ഭാഗത്തിലും ഇഷാൻ ഒരു വമ്പൻ കളിക്കാരൻ തന്നെയാണ് എന്ന് സഞ്ജു പറയുന്നു.
അതിനാൽ യാതൊരു തരത്തിലും കിഷനുമായി ഒരു മത്സരത്തിനും താൻ തയ്യാറാവുന്നില്ല എന്നാണ് സഞ്ജു പറഞ്ഞത്. തനിക്ക് തന്നോട് തന്നെ മത്സരിക്കാനാണ് ഏറ്റവും പ്രിയങ്കരം എന്ന് സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. സ്വന്തം രാജ്യത്തിനായി മത്സരം വിജയിക്കുക എന്നതിലുപരി മറ്റൊന്നും മനസ്സിലില്ല എന്നും സഞ്ജു പറഞ്ഞു.
“ഞാൻ ഇഷാൻ കിഷനെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അവൻ ഒരു അവിശ്വസനീയ താരം തന്നെയാണ്. ഒരു മികച്ച കീപ്പറും മികച്ച ബാറ്ററുമാണ് കിഷൻ. ഫീൽഡിങ്ങിലും മികവ് പുലർത്താൻ കിഷന് സാധിക്കുന്നുണ്ട്. എനിക്ക് എന്റേതായ ശക്തികളും വീക്ക്നസുകളുമുണ്ട്. അതുകൊണ്ടു തന്നെ ആരോടും മത്സരിക്കാൻ ഞാൻ തയ്യാറാവുന്നില്ല.”
“ഞാൻ എന്നോട് മാത്രമാണ് മത്സരിക്കാൻ തയ്യാറായുള്ളത്. എന്റെ രാജ്യത്തിനായി കളിക്കണമെന്നും മത്സരത്തിൽ വിജയം നേടണമെന്നുമാണ് എന്റെ ആഗ്രഹം. ഒരു ടീമിനുള്ളിൽ തന്നെ പരസ്പരം മത്സരങ്ങളിൽ ഏർപ്പെടുന്നത് ഒരുകാരണവശാലും ആരോഗ്യപരമായ ഒന്നല്ല.”- സഞ്ജു പറഞ്ഞു.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ 28 പന്തുകളിൽ 38 റൺസ് നേടി രാജസ്ഥാനായി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചു. മറുവശത്ത് ഇഷാനെ സംബന്ധിച്ച് വളരെ മോശം പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.
3 പന്തുകൾ നേരിട്ട കിഷൻ പൂജ്യനായാണ് മത്സരത്തിൽ മടങ്ങിയത്. സന്ദീപ് ശർമയുടെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകിയായിരുന്നു ഇഷാൻ കൂടാരം കയറിയത്. ഇതുവരെയുള്ള പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ കിഷനേക്കാൾ മുകളിൽ സഞ്ജു സാംസൺ തന്നെയാണ് നിൽക്കുന്നത്.