രാഹുൽ ദ്രാവിഡിന് ശേഷം മറ്റൊരു പരിശീലകനെ അന്വേഷിക്കുകയാണ് നിലവിൽ ബിസിസിഐ. 2024 ട്വന്റി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ പരിശീലകനായുള്ള കരാർ അവസാനിക്കുന്നത്. ശേഷം മറ്റൊരു കരുത്തനായ പരിശീലകനെ ഇന്ത്യയ്ക്ക് സമ്മാനിക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിനായി പല മുൻ താരങ്ങളെയും സമീപിക്കുകയുണ്ടായി.
ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിങ് എന്നിവരെയൊക്കെയും ബിസിസിഐ സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ പേരും രംഗത്ത് വന്നിരുന്നു. എന്നാൽ തനിക്ക് ഇന്ത്യൻ ടീമിന്റെ കോച്ചായി സ്ഥാനമേൽക്കാൻ താല്പര്യമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംഗക്കാര ഇപ്പോൾ.
ഇന്ത്യൻ ടീമിനൊപ്പം മുഴുവൻ സമയം പരിശീലകനായി തുടരാൻ തനിക്ക് താല്പര്യമില്ല എന്നാണ് സംഗക്കാര അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാണ് സംഗക്കാര. ഈ ജോലിയിൽ താൻ പൂർണ്ണമായി തൃപ്തനാണ് എന്ന് സംഗക്കാര പറയുന്നു. എന്നിരുന്നാലും, തന്നെ ഇതുവരെ ബിസിസിഐ സമീപിച്ചിട്ടില്ല എന്നാണ് സംഗക്കാര വെളിപ്പെടുത്തിയിരിക്കുന്നത്.
അഥവാ സമീപിച്ചാലും താൻ ഇതിന് മുതിരില്ല എന്നും സംഗക്കാര പറയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിന് ശേഷം സംസാരിക്കുകയായിരുന്നു സംഗക്കാര. ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ശേഷമാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആകുന്നതിനെ പറ്റിയുള്ള ചോദ്യം ഉയർന്നത്.
ഇതിന് സംഗക്കാര നൽകിയ മറുപടി ഇങ്ങനെയാണ്. “ഇതുവരെയും എന്നെ ഇക്കാര്യത്തിനായി ആരും സമീപിച്ചിട്ടില്ല. മാത്രമല്ല ഇന്ത്യൻ ടീമിന്റെ പരിശീലക പൊസിഷനിലേക്ക് മുഴുവൻ സമയ പരിശീലകനായി എത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനായുള്ള സമയവും പ്രയത്നവും എന്നിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. നിലവിൽ ഞാൻ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാണ്. ഇവിടെ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ എങ്ങനെയാകും എന്ന് നമുക്ക് ഇനി കണ്ടറിയാം.”- സംഗക്കാര പറഞ്ഞു.
2023 നവംബറിലായിരുന്നു രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നത്. എന്നാൽ 2024 ട്വന്റി20 ലോകകപ്പ് വരെ ദ്രാവിഡും തന്റെ സപ്പോർട്ടിംഗ് ടീമും ഇന്ത്യക്കൊപ്പം തുടരണമെന്ന് ബിസിസിഐ അവകാശപ്പെടുകയായിരുന്നു ശേഷമാണ് ഇക്കാര്യത്തിൽ വലിയ തീരുമാനം ഉണ്ടായത്. ഇന്ത്യയുടെ പരിശീലക പൊസിഷനിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ആണ്. എന്തായാലും മികച്ച ഒരു പരിശീലകനെ കണ്ടെത്തി മുൻപോട്ട് പോവാനാണ് ബിസിസിഐയുടെ ശ്രമം.