“ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും”- സഞ്ജു പറയുന്നു..

c6553771 352c 4847 8340 185544f59d93 1

ഇതുവരെ ഈ സീസണിൽ നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ആദ്യ മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ നയിച്ച സഞ്ജു ഒരുപാട് പ്രശംസകളും ഏറ്റുവാങ്ങുകയുണ്ടായി. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ രാജസ്ഥാൻ പരാജയത്തിൽ എത്തിയതോടെ സഞ്ജുവിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

എന്നിരുന്നാലും തന്റെ വ്യക്തിഗത പ്രകടനത്തിലും ഇതുവരെ സഞ്ജു മികവ് പുലർത്തിയിട്ടുണ്ട്. ലീഗിലെ കഴിഞ്ഞ 3 മത്സരങ്ങളിലും രാജസ്ഥാൻ പരാജയം അറിഞ്ഞതോടെ ടീമിന്റെ പ്ലേയോഫ് സാധ്യതകൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്റെ മനോഭാവത്തെ പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

താൻ കൂടുതലായി ഫലങ്ങളെ പറ്റി ചിന്തിക്കുന്ന താരമല്ല എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. ടൂർണമെന്റിൽ കളിക്കുന്ന 10 ടീമുകളും ഐപിഎല്ലിന്റെ കിരീടം സ്വന്തമാക്കാൻ വേണ്ടി വന്നവർ തന്നെയാണ് എന്ന് സഞ്ജു പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ എല്ലാ ടീമുകളെയും ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും സഞ്ജു ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും നമ്മൾ നമ്മളോട് തന്നെ ബഹുമാനം പുലർത്തി ഏറ്റവും മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് സഞ്ജു കരുതുന്നു. കഴിഞ്ഞ സീസണിലും ഇത്തരത്തിൽ തുടക്കത്തിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ട് പ്ലേയോഫിൽ എത്താൻ പോലും തങ്ങൾക്ക് സാധിച്ചില്ല എന്ന് സഞ്ജു ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ ഇത്തരം കാര്യങ്ങൾ പലപ്പോഴായി സംഭവിച്ചിട്ടുണ്ട് എന്നാണ് സഞ്ജു പറയുന്നത്.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“ഈ മത്സരത്തിൽ വിജയിക്കണം, ഈ മത്സരത്തിൽ വിജയിക്കേണ്ട എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. ഫലങ്ങളെപ്പറ്റി ഒരുപാട് ചിന്തിച്ച് നിരാശ പടർത്താനും ഞാൻ ശ്രമിക്കുന്നില്ല. ഐപിഎൽ എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 10 ടീമുകളും ഐപിഎല്ലിന്റെ കിരീടം ചൂടാൻ വേണ്ടി തന്നെ കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ എല്ലാ ടീമുകളെയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. മാത്രമല്ല നാം നമ്മുടെ ടീമിനെയും ബഹുമാനിക്കാൻ തയ്യാറാവണം. മൈതാനത്തെത്തി മികച്ച ക്രിക്കറ്റ് കളിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷമാണ് ഫലത്തെപറ്റി ചിന്തിക്കേണ്ടത്.”- സഞ്ജു പറയുന്നു.

“കഴിഞ്ഞ തവണ 6 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങൾക്ക് പ്ലെയോഫിലേക്ക് യോഗ്യത ലഭിച്ചില്ല. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ ഐപിഎല്ലിൽ സംഭവിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ളപ്പോൾ നമ്മൾ പക്വതപുലർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രസ്തുത നിമിഷത്തിൽ തന്നെ തുടരാൻ ശ്രമിക്കുക എന്നതും നിർണായകമാണ്. എന്താണോ നമ്മുടെ കയ്യിലുള്ളത്, അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.”- സഞ്ജു സാംസൺ പറഞ്ഞുവെക്കുന്നു.

Scroll to Top