2025 ഐപിഎല്ലിൽ തങ്ങളുടെ ആറാമത്തെ പരാജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേരിട്ടത്. ഇതോടുകൂടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ചെന്നൈയ്ക്ക് നിലയുറപ്പിക്കേണ്ടിവന്നു. ഇതുവരെ 8 മത്സരങ്ങൾ ഈ സീസണിൽ കളിച്ച മഞ്ഞപ്പടക്ക് 2 വിജയങ്ങൾ മാത്രമാണ് നേടാൻ സാധിച്ചത്. വരാനിരിക്കുന്ന മുഴുവൻ മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാൽ മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ. ഈ സമയത്ത് ഒരു വ്യത്യസ്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയുടെ നായകൻ മഹേന്ദ്ര സിംഗ് ധോണി.
അടുത്തവർഷം തങ്ങൾ തിരിച്ചുവരേണ്ട രീതിയെ പറ്റിയാണ് മഹേന്ദ്ര സിംഗ് സംസാരിച്ചത്. “നമ്മൾ മികച്ച രീതിയിൽ കളിക്കുന്ന സമയത്ത് മാത്രമേ, വിജയം സ്വന്തമാക്കാൻ കഴിയൂ എന്ന കാര്യം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് ഞാൻ കരുതുന്നത്. അതേപോലെതന്നെ നമ്മൾ കളിക്കുന്നത് മികച്ച രീതിയിൽ അല്ലെങ്കിൽ, കൂടുതൽ വൈകാരികപരമായി നിന്നിട്ട് യാതൊരു കാര്യവുമില്ല. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. ചില വർഷങ്ങൾ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. അന്ന് ഞങ്ങൾ കളിച്ച ക്രിക്കറ്റിനെ സംബന്ധിച്ച് ഒരുപാട് ചർച്ചകളും ഉണ്ടായിട്ടുണ്ട്.”- ധോണി പറഞ്ഞു.
“ഈ സീസണിൽ ഇനി ഞങ്ങൾക്ക് വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കേണ്ടതുണ്ട്. പക്ഷേ ഒരു സമയത്ത് ഒരു മത്സരം എന്ന രീതിയിൽ മാത്രം കണ്ടു മുൻപോട്ടു പോകാനേ ഞങ്ങൾക്ക് സാധിക്കൂ. ഇനി വരുന്ന മത്സരങ്ങളിൽ പരാജയങ്ങൾ നേരിട്ടാലും, ഞങ്ങളെ സംബന്ധിച്ച് അടുത്ത വർഷത്തേക്ക് കൃത്യമായ കോമ്പിനേഷനുകൾ കണ്ടെത്തി മുൻപോട്ടു പോവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരുപാട് താരങ്ങളെ ടീമിൽ നിന്ന് മാറ്റാനും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇപ്പോൾ ഞങ്ങളെ സംബന്ധിച്ച് യോഗ്യത നേടാനായി പരിശ്രമിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതിന് സാധിച്ചില്ലെങ്കിൽ അടുത്ത വർഷത്തേക്ക് ഒരു സുരക്ഷിതമായ ടീമിനെ കെട്ടിപ്പടുക്കുകയും ശക്തമായി തിരിച്ചുവരുകയുമാണ് ചെയ്യേണ്ടത്.”- ധോണി കൂട്ടിച്ചേർത്തു.
ഋതുരാജിന് പരിക്കുപറ്റിയ സാഹചര്യത്തിൽ ആയിരുന്നു ധോണി ചെന്നൈയുടെ നായകനായി സ്ഥാനമേറ്റത്. കൈമുട്ടിന് പരിക്കേറ്റ ഋതുരാജ് ഈ സീസണിൽ നിന്ന് പൂർണമായും പുറത്തായിട്ടുണ്ട്. ഇത്തവണത്തെ സീസണിൽ മോശം മനോഭാവത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളാണ് ചെന്നൈ സൂപ്പർ കിംഗ്സിന് കേൾക്കേണ്ടിവന്നത്. മുംബൈയ്ക്കെതിരായ മത്സരത്തിലും ചെന്നൈയെ പിന്നിലേക്കടിച്ചത് മധ്യ ഓവറുകളിലെ മോശം മനോഭാവം തന്നെയായിരുന്നു. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 177 എന്ന വിജയലക്ഷ്യം കേവലം 15.4 ഓവറുകളിൽ മറികടക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു.



