2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് 13കാരനായ വൈഭവ് സൂര്യവംശി. ഇത്തവണത്തെ മെഗാ ലേലത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് സൂര്യവംശിയെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സൂര്യവംശി.
എന്നിരുന്നാലും സമീപകാലത്ത് തന്റെ പവർ ഹീറ്റിംഗ് കൊണ്ട് വളരെയധികം ശ്രദ്ധ നേടാൻ സൂര്യവംശിയ്ക്ക് സാധിച്ചിരുന്നു. എല്ലാ തരത്തിലും സൂര്യവംശി ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനായി തയ്യാറാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു ഇപ്പോൾ.
സൂര്യവംശിയുടെ ആത്മവിശ്വാസം ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ട് എന്നാണ് സഞ്ജു തുറന്നു പറഞ്ഞിരിക്കുന്നത്. “വൈഭവ് സൂര്യവംശി വളരെ ആത്മവിശ്വാസത്തോടെയാണ് കാണപ്പെടുന്നത്. അക്കാദമിയിൽ മൈതാനത്തിന് പുറത്തേക്ക് തുടർച്ചയായി സിക്സറുകൾ സ്വന്തമാക്കാൻ അവന് സാധിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ആളുകൾ അവന്റെ പവർ ഹിറ്റിങ്ങിനെ പറ്റി സംസാരിക്കുന്നുണ്ട്.
ഇതിൽ കൂടുതൽ എന്താണ് അവനെ പറ്റി പറയാൻ സാധിക്കുക. അവന്റെ ശക്തി തിരിച്ചറിയുകയും അതിനെ പിന്തുണച്ചു മുൻപോട്ടു പോവുകയുമാണ് അവൻ ചെയ്യേണ്ടത്. ഒരു മൂത്ത ജേഷ്ഠൻ എന്ന നിലയിൽ തന്നെ അവനോടൊപ്പം തുടരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.”- സഞ്ജു പറഞ്ഞു.
“ടീമിനായി സംഭാവന ചെയ്യാൻ അവൻ തയ്യാറാണ് എന്ന് എനിക്ക് തോന്നുന്നു. നല്ല രീതിയിൽ മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യേണ്ടത്. ഡ്രസിങ് റൂമിൽ പോസിറ്റീവായ ഒരു അന്തരീക്ഷം ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മാത്രമല്ല താരങ്ങൾക്ക് കൂടുതൽ പിന്തുണ നൽകേണ്ടത് ആവശ്യമാണ്. സൂര്യവംശിയെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങളൊന്നും പറയാൻ സാധിക്കില്ല. ചിലപ്പോൾ അടുത്ത 2 വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിനായി കളിച്ചേക്കാം. കാരണം ഐപിഎല്ലിനായി അവൻ തയ്യാറാണ് എന്ന് എനിക്ക് തോന്നുന്നു. കൃത്യമായ രീതിയിൽ ബോളുകളെ അടിച്ചകറ്റാൻ അവന് ഇപ്പോഴേ സാധിക്കുന്നുണ്ട്. എന്താണ് അവന്റെ ഭാവിയെന്ന് നമുക്ക് ഉടൻ തന്നെ മനസ്സിലാവും.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
ഏത് തരത്തിലാണ് സൂര്യവംശിയെ പോലെയുള്ള താരങ്ങളെ മുൻപോട്ടു കൊണ്ടുവരുന്നത് എന്നതിനെപ്പറ്റിയും സഞ്ജു സംസാരിച്ചു. “ഇപ്പോഴുള്ള യുവതാരങ്ങൾ ആരും തന്നെ ആത്മവിശ്വാസത്തിൽ ഒട്ടും പുറകിലല്ല. അവർ കൃത്യമായി ബുദ്ധി ഉപയോഗിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുന്നുണ്ട്. ഏത് തരത്തിലാണ് മത്സരത്തെ സമീപിക്കേണ്ടത് എന്ന് ഓരോ ഇന്ത്യൻ യുവതാരത്തിനും അറിയാം. എന്നെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിലുപരിയായി ഞാൻ ശ്രമിക്കുന്നത് അവരെ നിരീക്ഷിക്കാനാണ്. ഏതുതരത്തിലുള്ള ക്രിക്കറ്റാണ് അവർ കളിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ഞാൻ കണ്ടെത്തും. അതിന് എന്റേതായ രീതിയിൽ വേണ്ട പിന്തുണയും ഞാൻ നൽകും.”- സഞ്ജു പറഞ്ഞുവെക്കുന്നു.



