ഇന്ത്യൻ തീയുണ്ടയ്ക്ക് മുമ്പിൽ ലങ്ക ഭസ്മം. 50 റൺസിന് ഓൾഔട്ട്‌. ഇത് സിറാജിസം.

20230917 171244

ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് ഫൈനലിൽ അത്ഭുതകരമായ ബോളിംഗ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ നിര. ഇന്നിംഗ്സിന്റെ തുടക്കം മുതൽ ശ്രീലങ്കൻ ബാറ്റർമാർക്കെതിരെ ശക്തമായ ആധിപത്യം സ്ഥാപിച്ച ഇന്ത്യ, ശ്രീലങ്കയെ കേവലം 50 റൺസിന് ഓൾഔട്ട് ആക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 2023 ഏഷ്യാകപ്പ് സ്വന്തമാക്കും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇന്ത്യക്കായി ബോളിഗിൽ ശക്തമായ പ്രകടനം കാഴ്ചവച്ചത് മുഹമ്മദ് സിറാജ് ആയിരുന്നു. ശ്രീലങ്കയുടെ എല്ലാ ബാറ്റർമാരെയും ഞെട്ടിച്ച സിറാജ് മത്സരത്തിൽ 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. ഇന്നിംഗ്സിലെ മൂന്നാം പന്തിൽ തന്നെ ശ്രീലങ്കയ്ക്ക് തങ്ങളുടെ ഓപ്പണർ കുശൽ പേരെരയെ(0) നഷ്ടമായി. എന്നാൽ പതിയെ റൺസ് കണ്ടെത്താനാണ് ഒരു വശത്ത് കുശാൽ മെൻഡിസ് ശ്രമിച്ചത്. പക്ഷേ നാലാം ഓവറിൽ മുഹമ്മദ് സിറാജ് എത്തിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് എത്തുകയായിരുന്നു. ഇന്നിംഗ്സിലെ നാലാം ഓവറിൽ 4 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുൻനിര ബാറ്റർമാരായ നിസംഗ(2) സമരവിക്രമ(0) അസലങ്ക(0) ധനഞ്ജയ(4) എന്നിവരെ നാലാം ഓവറിൽ സിറാജ് പുറത്താക്കി.

Read Also -  മൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് പകരം സഞ്ജു, ഗില്ലും ജയസ്വാളും ഓപ്പണിങ്. ആദ്യ ട്വന്റി20യിലെ സാധ്യത ടീം.

ശേഷം തൊട്ടടുത്ത ഓവറുകളിലും സിറാജ് മികച്ച ബൗളിങ്‌ പ്രകടനം പുറത്തെടുത്തതോടെ ശ്രീലങ്ക പൂർണ്ണമായും പതറുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ 17 റൺസ് നേടിയ കുശാൽ മെൻഡിസ് മാത്രമാണ് അല്പസമയമെങ്കിലും ക്രീസിലുറച്ചത്. ബാക്കി മത്സരത്തിലുടനീളം ഇന്ത്യൻ ബോളർമാരുടെ ശക്തമായ ആധിപത്യം തന്നെയാണ് കാണാൻ സാധിച്ചത്. സിറാജ് ഇന്ത്യക്കായി മത്സരത്തിൽ 7 ഓവറുകളിൽ 21 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സിറാജിന് പുറമേ പാണ്ഡ്യ 3 വിക്കറ്റുകളും ബൂമ്രാ ഒരു വിക്കറ്റും സ്വന്തമാക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം നൽകി.

ശ്രീലങ്കയുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലാണ് ഇന്ത്യയ്ക്കെതിരെ ഉണ്ടായിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പരാജയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ടായിരുന്നു ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിലേക്ക് എത്തിയത്. എന്തായാലും വിമർശനങ്ങൾക്കുള്ള ചുട്ട മറുപടി തന്നെയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. ഏകദിന ലോകകപ്പിന് കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇത്തരത്തിലുള്ള ഒരു ബോളിംഗ് പ്രകടനം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

Scroll to Top