അഫ്ഗാനിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരം മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെ ഓസ്ട്രേലിയ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 274 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ട്രാവിസ് ഹെഡ് ഓസ്ട്രേലിയക്ക് നൽകിയത്. 12.5 ഓവറുകളിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു.
ഈ സമയത്ത് മഴയെത്തുകയും പിന്നീട് മത്സരം തുടരാൻ സാധിക്കാതെ വരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റുകൾ നൽകുകയായിരുന്നു. ഇതോടെയാണ് ഓസ്ട്രേലിയ സെമിയിൽ എത്തിയത്. എന്നാൽ ഓസ്ട്രേലിയ സെമിയിലെത്തിയത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ തലവേദനയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.
സെമിഫൈനലിൽ എത്തിയ ഓസ്ട്രേലിയ ഗ്രൂപ്പ് എ യിൽ ആദ്യം ഫിനിഷ് ചെയ്യുന്ന ടീമിനെയാവും നേരിടുക. ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് ഓസ്ട്രേലിയയുടെ എതിരാളികളായി വരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ തന്നെ ഓസ്ട്രേലിയയുടെ എതിരാളികളായി സെമിഫൈനലിൽ എത്താനാണ് സാധ്യത എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്. മാത്രമല്ല സമീപകാലത്ത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ വീണ്ടും ആക്രമണം അഴിച്ചുവിടാനുള്ള സാധ്യതയും കൈഫ് ചൂണ്ടിക്കാട്ടുന്നു.
“കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിച്ച ബാറ്ററാണ് ട്രാവിസ് ഹെഡ്. മാത്രമല്ല അവൻ വലിയ മത്സരങ്ങളിലെ താരവുമാണ്. നിലവിൽ ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്താൻ ഹെഡിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ അവന്റെ പ്രിയപ്പെട്ട ശത്രുക്കളുമായി പോരാട്ടത്തിനിറങ്ങാൻ അവൻ തയ്യാറുമാണ്.”- കൈഫ് സ്പോർട്സ് 18 ചാനലിൽ പറയുകയുണ്ടായി. ഓസ്ട്രേലിയൻ ടീം ഇത്തവണയും എത്രമാത്രം ശക്തമാണ് എന്ന് തുറന്നു പറഞ്ഞാണ് പിയൂഷ് ചൗള രംഗത്തെത്തിയത്.
“നിലവിലെ ഓസ്ട്രേലിയൻ ടീം മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ജോഷ് ഹേസല്‍വുഡിനെയും മിസ് ചെയ്യുന്നുണ്ട്. പക്ഷേ ഇവർക്ക് പകരമെത്തിയ ബോളർമാർ എല്ലാവരും ആഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ടീമിനെ സെമിഫൈനൽ മത്സരത്തിൽ അനായാസമായി കാണുന്നത് ശരിയല്ല. കാരണം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അവിശ്വസനീയമായ ഒരു വിജയമായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 351 റൺസ് നേടിയിട്ടും ഓസ്ട്രേലിയക്ക് വിജയം നേടാൻ സാധിച്ചു.”- ചൗള പറഞ്ഞു.



