ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് കർശനമായ നിർദ്ദേശങ്ങൾ നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര. 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗിന് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. നിലവിലെ ഇന്ത്യയുടെ ബോളിങ് അറ്റാക്കിൽ കൂടുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇന്ത്യ ബാറ്റിംഗിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ചോപ്ര യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി.
തങ്ങളുടെ ബാറ്റിംഗ് ശക്തി അനുസരിച്ച് ഇന്ത്യ മത്സരത്തിന്റെ ഘടന നിർമിക്കണം എന്നാണ് ആകാശ് ചോപ്രയുടെ പക്ഷം. ടൂർണമെന്റ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചോപ്രയുടെ ഈ നിർദ്ദേശം.
“നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇതൊരു നിയമമായി തന്നെയാണ് മുൻപോട്ട് പോകുന്നത്. എന്താണോ നമ്മുടെ ശക്തി അതാണ് നമ്മൾ രണ്ടാമതായി ചെയ്യേണ്ടത്. ആ രീതിയാണ് ഇന്ത്യ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും പിന്തുടരേണ്ടത്. നമ്മുടെ ബോളിങ് നിരയാണ് മെച്ചപ്പെട്ടതെങ്കിൽ നമ്മൾ അത് രണ്ടാമതായി ചെയ്യണം. നമ്മുടെ ബാറ്റിംഗ് ആണ് മെച്ചപ്പെട്ടതെങ്കിൽ അത് രണ്ടാമത് ചെയ്യണം. നിലവിൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ബാറ്റിംഗാണ് ഏറ്റവും മികച്ചത്.”- ചോപ്ര പറയുകയുണ്ടായി.
“നിലവിൽ നമ്മുടെ ബോളിങ് നിരയിൽ ഒരുപാട് വേരിയേഷനുകൾ നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. നമുക്ക് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ 5 സ്പിന്നർമാരാണുള്ളത്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഇപ്പോഴും നമ്മുടെ ബോളിങ്ങിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു. നിലവിൽ ഇന്ത്യയ്ക്ക് ബാറ്റിംഗാണ് ഏറ്റവും വലിയ ശക്തി കേന്ദ്രം. ടൂർണമെന്റിൽ മത്സരങ്ങൾ വിജയിക്കുക എന്ന സമ്മർദ്ദം ബാറ്റർമാരിലേക്ക് എത്താനാണ് സാധ്യത.
അതുകൊണ്ടു തന്നെ ഇന്ത്യ പല മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യാൻ ശ്രമിക്കണം. ടോസ് നമുക്ക് ലഭിക്കുകയാണെങ്കിൽ ബോൾ ചെയ്യാൻ തീരുമാനിക്കണം. ദുബായിൽ നടക്കുന്ന പല മത്സരങ്ങളിലും മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടാവാനും സാധ്യതകളുണ്ട്. അതുകൊണ്ട് ഇതൊരു മികച്ച തീരുമാനമായിരിക്കും.”- ചോപ്ര കൂട്ടിചേർത്തു.
“അങ്ങനെ മഞ്ഞുതുള്ളികൾ വരുന്ന സമയത്ത് നമ്മുടെ കയ്യിൽ ബാറ്റ് ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. ആ സമയത്ത് നമ്മുടെ കയ്യിൽ ബോൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവും. അതായത് പറഞ്ഞു വരുന്നത്, ടൂർണമെന്റിലെ പരമാവധി മത്സരങ്ങളിൽ ഇന്ത്യ ചെയ്സ് ചെയ്യണമെന്നത് തന്നെയാണ്. നിലവിലെ സാഹചര്യത്തിൽ ദുബായിൽ ആദ്യം ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു മൈതാനമുണ്ടാവും എന്ന് ഞാൻ കരുതുന്നില്ല.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം നടക്കുന്നത്.