ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ മികച്ച തുടക്കമാണ് ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെയും ഇന്ത്യ അനായാസം പരാജയപ്പെടുത്തുകയുണ്ടായി. ഇതോടെ ഇന്ത്യ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ ഇന്ത്യൻ ടീമിനും ഐസിസിയ്ക്കും എതിരെ വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഏകദിന നായകനായ പാറ്റ് കമ്മിൻസ്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടക്കുന്നത് ടീമിന് വലിയ മേൽകൈ നൽകുന്നുണ്ട് എന്നാണ് പാറ്റ് കമ്മിൻസ് പറയുന്നത്.
പാക്കിസ്ഥാൻ മണ്ണിൽ കളിക്കാൻ ഇന്ത്യൻ ടീം തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനിച്ചത്. ശേഷമാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് മൈതാനത്തേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്മിൻസ് രംഗത്തെത്തിയത്. ഇത്തരത്തിൽ ഒരു സജ്ജീകരണം ചെയ്തത് ഐസിസിയുടെ ഭാഗത്ത് വന്ന പിഴവായാണ് കമ്മിൻസ് കാണുന്നത്. ഒരു ഓസ്ട്രേലിയൻ സ്പോർട്സ് ചാനലിൽ സംസാരിക്കുന്ന സമയത്തായിരുന്നു കമ്മിൻസ് തന്റെ അഭിപ്രായം വെട്ടി തുറന്നു പറഞ്ഞത്.
“ഇത്തരത്തിൽ ടൂർണമെന്റ് മുൻപോട്ട് പോകുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. പക്ഷേ ഇത്തരമൊരു സാഹചര്യം ഇന്ത്യൻ ടീമിന് വലിയ മുൻതൂക്കമാണ് നൽകുന്നത്. ഒരേ മൈതാനത്ത് കളിക്കുന്നത് അവർക്ക് സഹായകരമായി മാറും. മാത്രമല്ല നിലവിൽ ഇന്ത്യൻ ടീം വളരെ ശക്തമായാണ് കാണപ്പെടുന്നത്. അതോടൊപ്പം എല്ലാ മത്സരങ്ങളും ഒരേ മൈതാനത്ത് കളിക്കുമ്പോൾ അവർക്ക് കൂടുതൽ മെച്ചം ഉണ്ടാകുന്നു”- കമ്മിൻസ് പറയുകയുണ്ടായി.
നിലവിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് സ്റ്റേഡിയത്തിൽ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ത്യ നോക്കൗട്ടിലേക്ക് യോഗ്യത നേടിയാലും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ തന്നെ തുടരും. ടൂർണമെന്റിന്റെ ഫൈനൽ പാക്കിസ്ഥാനിലെ ലാഹോറിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ ഇന്ത്യ ഫൈനലിലെത്തിയാൽ മത്സരം ദുബായിലേക്ക് മാറ്റും. ഇത്തരത്തിലാണ് ടൂർണമെന്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ കമ്മിൻസ് വിമർശനവുമായി രംഗത്തെത്തിയത്. നിലവിൽ കാൽമുട്ടിനേറ്റ പരിക്ക് മൂലം ഓസ്ട്രേലിയൻ ടീമിൽ നിന്നും മാറി നിൽക്കുകയാണ് കമ്മിൻസ്.