ഇന്ത്യയെ തോൽപിച്ചത് ആ താരമാണ്. അവനിലെങ്കിൽ ഓസീസ് മുട്ടുകുത്തിയേനെ. അശ്വിൻ പറയുന്നു.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യ പരാജയം നേരിടാനുള്ള പ്രധാന കാരണം ഓഫീസ് പേസ് ബോളറായ സ്കോട്ട് ബോളണ്ടാണ് എന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയ ബോളണ്ടിനെ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ലയെങ്കിൽ ഇന്ത്യയ്ക്ക് ഉറപ്പായും ബോർഡർ- ഗവാസ്കർ ട്രോഫി സ്വന്തമാക്കാൻ സാധിച്ചേനെ എന്നാണ് അശ്വിൻ കരുതുന്നത്. പരമ്പരയിൽ 3-1 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ ഇന്ത്യൻ ടീമിനെ മുട്ടുകുത്തിച്ചത്. ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യ പിന്നീട് പരാജയം ഏറ്റുവാങ്ങിയത്. ഇതിന് ശേഷമാണ് ഇപ്പോൾ അശ്വിൻ രംഗത്ത് എത്തിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുടെ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ ബോളണ്ടിന് സാധിച്ചില്ല. എന്നാൽ മറ്റൊരു പേസറായ ജോഷ് ഹേസൽവുഡിന് പരിക്കേറ്റതിന് പിന്നാലെയാണ് ബോളണ്ട് ടീമിലേക്ക് എത്തിയത്. ശേഷം രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ബോളണ്ട് കാഴ്ചവച്ചത്. പിന്നീട് ബ്രിസ്ബേയ്നിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഹേസൽവുഡ് തിരികെ വരുകയും ബോളണ്ടിനെ ഓസ്ട്രേലിയ ഒഴിവാക്കുകയും ചെയ്തു. പിന്നീട് വീണ്ടും ബോളണ്ടിന് ടീമിൽ കളിക്കാൻ അവസരം ലഭിക്കുകയായിരുന്നു. ഈ മത്സരങ്ങളിൽ ഒക്കെയും മികച്ച പ്രകടനം തന്നെ താരം കാഴ്ചവയ്ക്കുകയും ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയും ചെയ്തു.

“ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മീൻസിനെ സംബന്ധിച്ച് വളരെ മികച്ച പരമ്പരയായിരുന്നു എന്നാണ് ആളുകൾ പറയുന്നത്. പക്ഷേ അവൻ പരമ്പരയിൽ ബുദ്ധിമുട്ടിയതായാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് നമ്മുടെ ഇടംകയ്യൻ ബാറ്റർമാർക്കെതിരെ. എന്നാൽ ഓസ്ട്രേലിയൻ ടീം വളരെ ഭാഗ്യം നിറഞ്ഞതാണ്. അവർക്ക് സ്കോട്ട് ബോളണ്ടിനെ പോലെ ഒരു പകരക്കാരനെ ലഭിച്ചു. ഒരുപക്ഷേ ബോളണ്ട് ഓസ്ട്രേലിയൻ ടീമിൽ കളിച്ചിരുന്നില്ലങ്കിൽ ഇന്ത്യയ്ക്ക് അനായാസം ബോർഡർ- ഗവാസ്കർ ട്രോഫി സ്വന്തമാക്കാനും സാധിച്ചേനെ. കാരണം ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റർമാർക്കെതിരെ വമ്പൻ പ്രകടനം തന്നെയായിരുന്നു ബോളണ്ട് കാഴ്ചവച്ചത്.”- അശ്വിൻ പറയുന്നു.

പരമ്പരയിൽ ഓസ്ട്രേലിയക്കായി 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് ബോളണ്ട് സ്വന്തമാക്കിയത്. പരമ്പരയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായി ബോളണ്ട് മാറുകയും ചെയ്തു. ഇന്ത്യൻ ബാറ്റർമാരൊക്കെയും ബോളണ്ടിന് മുൻപിൽ ബുദ്ധിമുട്ടുന്നത് പരമ്പരയിലൂടനീളം കാണാൻ സാധിച്ചിരുന്നു. താരത്തിന്റെ വമ്പൻ പ്രകടനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം വലിയ പ്രശംസകളാണ് സ്കോട്ട് ബോളണ്ടിന് ലഭിച്ചിട്ടുള്ളത്.