ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളികൾ ആര്? സാധ്യതകൾ ഇങ്ങനെ.

നിലവിൽ 2025 ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ ബർത്ത് ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ആരാവും ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളികൾ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഗ്രൂപ്പ് ബിയിൽ ഇപ്പോഴും 3 ടീമുകൾ സെമിഫൈനൽ സ്പോട്ടിനായി പൊരുതുകയാണ്.

ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് നിലവിൽ ഗ്രൂപ്പ് ബിയിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഉള്ളത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ വിജയം സ്വന്തമാക്കിയതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഇതോടെ ഇംഗ്ലണ്ട് പുറത്താവുകയും ഗ്രൂപ്പ് ബിയിലെ സാഹചര്യങ്ങൾ മുറുകുകയും ചെയ്തു.

ഗ്രൂപ്പ് ബിയിലെ അവസാന 2 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയുമാണ് നേരിടുന്നത്. ഈ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയക്കും വിജയം സ്വന്തമാക്കാൻ സാധിച്ചാൽ ഇരു ടീമുകൾക്കും സെമി ഫൈനലിൽ സ്ഥാനം കണ്ടെത്താം. ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തുകയാണെങ്കിലും, ദക്ഷിണാഫ്രിക്കയ്ക്ക് മറ്റു ഫലങ്ങളെ ആശ്രയിക്കാതെ സെമി ഫൈനലിൽ എത്താൻ സാധിക്കും.

അതേസമയം അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാൽ അഫ്ഗാനിസ്ഥാൻ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കും. പിന്നീട് ഓസ്ട്രേലിയയുടെ സെമി പ്രവേശനം ഇംഗ്ലണ്ടിന്റെ വിജയത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇനി ആരാവും ഇന്ത്യയുടെ സെമിഫൈനലിൽ എതിരാളികൾ എന്ന് നോക്കാം.

ഇതുവരെ ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച 2 മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കി. അതിനാൽ തന്നെ ഇന്ത്യയും ന്യൂസിലാൻഡും സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇരു ടീമുകളും തമ്മിലാണ് ഗ്രൂപ്പ് എയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരമാണ് ആദ്യ സ്ഥാനത്ത് എത്തുന്ന ടീമിനെ തീരുമാനിക്കുന്നത്.

ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വിജയം കാണുകയും, ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളുകൾ ഓസ്ട്രേലിയ ആയിരിക്കും.

അതേസമയം ഇന്ത്യ ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ ഇതേ രീതിയിൽ പരിശോധിച്ചാൽ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ എതിരാളികളായി എത്തും. മറുവശത്ത് അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും, ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളികൾ അഫ്ഗാനിസ്ഥാൻ ആയിരിക്കും. എന്നാൽ ഈ സാഹചര്യത്തിൽ ഇന്ത്യ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടാൽ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ എതിരാളികളായി എത്തും.

ഇനി ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തങ്ങളുടെ അടുത്ത മത്സരങ്ങളിൽ പരാജയം നേരിട്ടാൽ ഇന്ത്യയുടെ എതിരാളികളായി അഫ്ഗാനിസ്ഥാൻ എത്താനാണ് സാധ്യത. ഇത്തരത്തിൽ പൂർണ്ണമായും അവ്യക്തമായ രീതിയിലാണ് നിലവിൽ ചാമ്പ്യൻസ് ട്രോഫി മുൻപോട്ട് പോകുന്നത്.