“ഇന്ത്യയുടെ അടുത്ത ടെസ്റ്റ്‌ നായകൻ അവനാണ്. മറ്റൊരു ചോയ്സ് ഇല്ല”, ഇഷാന്ത് ശർമ പറയുന്നു.

രോഹിത് ശർമയുടെ പെട്ടെന്നുള്ള ടെസ്റ്റ് വിരമിക്കൽ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശയ കുഴപ്പങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആര് ഇന്ത്യൻ നായകനായെത്തും എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു.

ഈ സമയത്ത് തന്റെ വ്യക്തിപരമായ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെറ്ററൻ ഇന്ത്യൻ താരമായ ഇഷാന്ത് ശർമ. 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീറ്റ് ബുമ്ര തന്നെ ഇന്ത്യയെ നയിക്കണം എന്ന് അഭിപ്രായമാണ് ഇഷാന്ത് തുറന്നു പറഞ്ഞിരിക്കുന്നത്. ബുമ്രയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ പിടിപെട്ടാൽ മാത്രം ശുഭമാൻ ഗിൽ നായകനായി വരാൻ പാടുള്ളൂ എന്നാണ് ഇഷാന്ത് പറയുന്നത്.

ജൂൺ 20 മുതൽ ഓഗസ്റ്റ് 4 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അരങ്ങേറുന്നത്. ഈ അവസരത്തിലെ ഇന്ത്യയുടെ സാഹചര്യങ്ങളെ പറ്റിയാണ് ഇഷാന്ത് വിശകലനം ചെയ്തത്. “ബൂമ്ര തന്റെ പൂർണമായ ഫിറ്റ്നസിൽ ആണെങ്കിൽ, ഞാൻ അവന്റെ പേര് മാത്രമേ നായകനായി നിർദ്ദേശിക്കൂ. അവനാണ് എന്റെ ആദ്യ ചോയ്സ്. കാരണം നിലവിലെ ഇന്ത്യൻ നിരയിൽ അത്രമാത്രം പരിചയ സമ്പന്നതയുള്ള മറ്റൊരു താരം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഇന്ത്യക്കായി 5 മത്സരങ്ങളിലും അവന് കളിക്കാൻ സാധിച്ചില്ലെങ്കിൽ ശുഭ്മാൻ ഗില്ലിനെ ഇന്ത്യ ക്യാപ്റ്റനായി പരിഗണിക്കണം.”- ഇഷാന്ത് പറയുകയുണ്ടായി.

മുൻപ് ഇന്ത്യൻ ടീമിനെ ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച പാരമ്പര്യമുള്ള താരം തന്നെയാണ് ജസ്പ്രീറ്റ് ബുമ്ര. 2022ൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ശേഷം 2024-25ലെ ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെന്റിൽ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും ഇന്ത്യൻ ടീമിനെ നയിച്ചത് ബൂമ്രയായിരുന്നു. എന്നിരുന്നാലും ബൂമ്രയുടെ ഫിറ്റ്നസിനെ സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 2 വർഷങ്ങൾക്കിടയിൽ ഒരുപാട് സർജറികളിലൂടെ കടന്നുപോയ താരമാണ് ബുമ്ര. പരിക്ക് മൂലം തന്റെ കരിയറിന്റെ നല്ലൊരു ഭാഗവും ബുമ്രയ്ക്ക് ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ട്.

രോഹിത്തിനൊപ്പം കോഹ്ലിയുടെ വിരമിക്കലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഞെട്ടിക്കുന്നത് തന്നെയായിരുന്നു. ഇതേപ്പറ്റിയും ഇഷാന്ത് സംസാരിക്കുകയുണ്ടായി. “വിരാട് പൂർണ്ണമായ പക്വത കൈവരിച്ച താരമാണ്. എന്താണ് അവൻ ചെയ്യുന്നത് എന്ന പൂർണബോധ്യം അവനുണ്ട്. അവൻ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ അവനുമായി സംസാരിച്ചിട്ടില്ല എന്നിരുന്നാലും ഇത്രയും വർഷം അവൻ ഇന്ത്യൻ ടീമിനായി കളിച്ച താരമാണ്. എല്ലാ കാര്യങ്ങളും വളരെ നോർമലായാണ് വിരാട് കാണാറുള്ളത്. അതുകൊണ്ടാണ് ഞങ്ങൾ തമ്മിൽ ഇപ്പോഴും നല്ലൊരു സൗഹൃദബന്ധം നിലനിൽക്കുന്നത്. ഒരു കാര്യങ്ങളെപ്പറ്റിയും ഞങ്ങൾ തലപുകഞ്ഞ് ചിന്തിക്കുകയോ, ഭാരമായി ഉള്ളിൽ കരുതുകയോ ചെയ്യാറില്ല.”- ഇഷാന്ത് കൂട്ടിച്ചേർക്കുന്നു.