ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർഭാഗ്യം വേട്ടയാടിയ താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ സ്ഥിരമായ സാന്നിധ്യം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതേ സംബന്ധിച്ച് സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
ഇന്ത്യയിൽ ഒരു ദേശീയ ക്രിക്കറ്ററായി തുടരുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ് എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെസിഎൽ ട്വന്റി20യുടെ ലോഗോ പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു സഞ്ജു സാംസൺ ഇക്കാര്യം വെളിപ്പെടുത്തിയത്. കെസിഎൽ ട്വന്റി20 കേരള ക്രിക്കറ്റർമാരെ സംബന്ധിച്ച് വലിയൊരു അവസരമാണ് എന്നും സഞ്ജു പറയുകയുണ്ടായി.
“വലിയ സന്തോഷമാണുള്ളത്. കേരളത്തിലെ മുഴുവൻ ക്രിക്കറ്റർമാരുടെയും ഭാഗത്തു നിന്ന് സംസാരിക്കാൻ വലിയ ആഹ്ലാദമുണ്ട്. ഇന്ത്യയിൽ ഒരു ക്രിക്കറ്റ് കരിയർ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര അനായാസകരമായ കാര്യമല്ല. ഇന്ത്യയിൽ ഒരു ഇന്ത്യൻ ക്രിക്കറ്ററാവുക എന്നത് കുറച്ച് പാടുപെടേണ്ട കാര്യം തന്നെയാണ്. ഒരു മികച്ച കരിയർ ഉണ്ടാക്കാനായി പാടുപെടുന്ന ഒരുപാട് കേരളത്തിലെ താരങ്ങളെ എനിക്ക് നേരിട്ട് അറിയാം. അവരിൽ എന്റെ ജൂനിയറുമാരുണ്ട്, കൂട്ടുകാരുണ്ട്, സീനിയേഴ്സ് ഉണ്ട്. അവർക്കൊക്കെയും തങ്ങളുടെ മികവ് കാട്ടാൻ പറ്റിയ ഒരു അവസരം തന്നെയാണ് കേരള ക്രിക്കറ്റ് ലീഗ്.”- സഞ്ജു പറഞ്ഞു.
“ഈ ലീഗിന്റെ ബ്രോഡ്കാസ്റ്റിംഗ് ഏറ്റെടുത്തിരിക്കുന്നത് സ്റ്റാർ സ്പോർട്സ് ആണ്. അത് നമ്മളെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. അതിലൂടെ ലോകം മുഴുവൻ കേരള ക്രിക്കറ്റർമാരുടെ പ്രതിഭ എത്രമാത്രമുണ്ടെന്ന് തിരിച്ചറിയും. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നമ്മളുടെ 7- 8 കളിക്കാർ കളിച്ചിട്ടുണ്ട്. ഇത്തരത്തിൽ അടുത്ത 3 മുതൽ 5 വർഷം വരെ കേരള ക്രിക്കറ്റ് ലീഗ് നന്നായി മുൻപോട്ട് പോവുകയാണെങ്കിൽ കൂടുതൽ കേരള ക്രിക്കറ്റർമാർക്ക് ഇന്ത്യൻ ടീമിലടക്കം അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. അക്കാര്യത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്.”- സഞ്ജു കൂട്ടിച്ചേർത്തു.
“കേരള ക്രിക്കറ്റ് അസോസിയേഷനോടൊപ്പമുള്ള എന്റെ യാത്ര തുടങ്ങിയിട്ട് 20 വർഷത്തോളം ആകുന്നു. എല്ലാവരും എനിക്ക് വലിയ സപ്പോർട്ട് തന്നെ നൽകിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് നടക്കാൻ പോകുന്നു എന്ന വാർത്ത വലിയ പ്രത്യേകത ഉള്ളതായി എനിക്ക് നേരത്തെ തോന്നിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ വാർത്തകൾ സജീവമാണ്. എന്നാൽ ഇത് ഇപ്പോൾ തുടങ്ങാൻ സാധിക്കുമോ എന്ന സംശയം നിലനിന്നിരുന്നു. പക്ഷേ ഇപ്പോൾ അത് യാഥാർത്ഥ്യമാക്കിയതിൽ വലിയ സന്തോഷമുണ്ട്. കേരള ക്രിക്കറ്റ് ആരാധകർക്ക് വലിയൊരു സമ്മാനം തന്നെയാണ് ഈ ലീഗ്.”- സഞ്ജു പറഞ്ഞു വയ്ക്കുന്നു.