ഇനി രോഹിത് ടെസ്റ്റിൽ വേണ്ട. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് കടുത്ത തീരുമാനങ്ങളുമായി ബിസിസിഐ.

2025 ചാമ്പ്യൻസ് ട്രോഫി തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ട് ബിസിസിഐ. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഭാവിയെ സംബന്ധിച്ചാണ് ബിസിസിഐ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. രോഹിത് ശർമയെ ഇനി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന തീരുമാനമാണ് ബിസിസിഐ കൈക്കൊണ്ടിരിക്കുന്നത്. പകരം ഇന്ത്യയുടെ നായകനായി ബുമ്രയെ നിയോഗിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ വാർത്ത ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീറ്റ് ബുമ്ര ചികിത്സയ്ക്കായി ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടരുകയാണ്. ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള ടെസ്റ്റ് പരമ്പര ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ്. ഈ പര്യടനത്തിൽ ബൂമ്ര ഇന്ത്യയുടെ ടെസ്റ്റ് നായകനായി ചുമതലയേൽക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

രോഹിത് ശർമയുടെ അഭാവത്തിൽ ബുമ്ര 3 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ബോർഡർ- ഗവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ബുമ്രയായിരുന്നു ഇന്ത്യൻ നായകൻ. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു.

മത്സരത്തിൽ 295 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കി. ശേഷം അവസാന ടെസ്റ്റ് മത്സരത്തിൽ രോഹിത് മോശം ഫോമിനെ തുടർന്ന് പ്ലേയിങ് ഇലവനിൽ നിന്ന് മാറിനിന്നു. ഈ സമയത്തും ബൂമ്ര തന്നെയായിരുന്നു ഇന്ത്യൻ നായകൻ. മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അവസാന ദിവസം പരിക്ക് മൂലം ബുമ്ര മാറിനിൽക്കുകയും ഇന്ത്യ പരാജയം നേരിടുകയും ചെയ്തു. ശേഷമാണ് ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ സംബന്ധിച്ച് ശക്തമായ തീരുമാനങ്ങൾ കൈകൊണ്ടിരിക്കുന്നത്. എന്നാൽ നിരന്തരമായി പരിക്കിന്റെ പിടിയിലാവുന്ന ബുമ്രയെ നായകനാക്കുന്നതിനെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

നിലവിൽ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെ പരിക്കേറ്റ ബൂമ്ര ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നില്ല. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കണക്കിലെടുത്താണ് ബൂമ്രയെ ഇപ്പോൾ ഇന്ത്യ മാറ്റി നിർത്തിയിരിക്കുന്നത്.

ഈ വർഷത്തിന്റെ തുടക്കം മുതൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് മത്സരങ്ങളിൽ കാഴ്ചവെച്ചത്. ഇതുവരെ 8 ടെസ്റ്റ് മത്സരം ട്വന്റി20 ലോകകപ്പിന് ശേഷം കളിച്ച രോഹിതിന് 164 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 10.9 എന്ന ശരാശരിയിലാണ് രോഹിത് ട്വന്റി20 ലോകകപ്പിന് ശേഷം കളിച്ചത്..