“ആ ഇന്ത്യൻ ബോളർ ഒരു കംപ്ലീറ്റ് പാക്കേജ്. ലോകത്തിലെ നമ്പർ 1”- മുൻ പാക് താരം പറയുന്നു.

ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി പാക്കിസ്ഥാൻ മുൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ആമിർ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസർ ബൂമ്രയാണ് എന്ന് ആമിർ പറയുന്നു. അവൻ ഒരു കംമ്പ്ലീറ്റ് പാക്കേജാണ് എന്ന് ആമിർ കൂട്ടിച്ചേർക്കുകയുണ്ടായി. നിലവിൽ ബൂമ്ര പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടു തന്നെ 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി ബുമ്ര അണിനിരക്കുന്നില്ല.

എന്നാൽ 2024 ട്വന്റി20 ലോകകപ്പിലടക്കം മികച്ച പ്രകടനമായിരുന്നു ബുമ്ര കാഴ്ചവച്ചത്. 2024ൽ ഇന്ത്യക്കായി 71 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ആമിർ പ്രശംസകളുമായി രംഗത്തെത്തിയത്.

ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും ബുമ്ര നടത്തുന്ന മികച്ച പ്രകടനങ്ങളെ പ്രശംസിച്ചായിരുന്നു ആമിർ സംസാരിച്ചത്. “ഫാസ്റ്റ് ബോളിംഗിനെ സംബന്ധിച്ചാണ് നിങ്ങൾ എന്നോട് ചോദിക്കുന്നതെങ്കിൽ, ബൂമ്രയെ പറ്റി ആയിരിക്കും ഞാൻ പറയുക. കാരണം അവനൊരു സമ്പൂർണ്ണമായ പാക്കേജാണ്. അവനെ ടെസ്റ്റ് മത്സരത്തിൽ ഉൾപ്പെടുത്തിയാൽ ന്യൂബോളിലും പഴയ ബോളിലും പന്തറിയാൻ അവന് സാധിക്കും. ഏകദിന ക്രിക്കറ്റിലോ ഏത് ഫോർമാറ്റിലോ അവനെ നമുക്ക് കളിപ്പിക്കാം. ഏത് സാഹചര്യത്തിലും ടീമിനായി വിക്കറ്റുകൾ സ്വന്തമാക്കാനുള്ള കഴിവ് ബൂമ്രയ്ക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.”- ആമിർ പറഞ്ഞു.

“ട്വന്റി20 ക്രിക്കറ്റിലും ഇതേ രീതിയിൽ മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അവനെ സമ്പൂർണ്ണ പാക്കേജ് എന്ന് വിളിച്ചത്. ഒരു റോൾ മോഡലായി കാണാൻ സാധിക്കുന്ന താരമാണ് ബൂമ്ര. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ബൂമ്രയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റു ബോളർമാർക്കൊക്കെയും ചില ഫോർമാറ്റുകളിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പക്ഷേ ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകൾ എടുത്ത് പരിശോധിച്ചാലും ബൂമ്ര തന്നെയാണ് മികച്ച താരം. അതുകൊണ്ടാണ് അവൻ ഒന്നാം നമ്പറിൽ നിൽക്കുന്നത്.”- ആമിർ പറഞ്ഞു.

2024 ട്വന്റി20 ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളായിരുന്നു ബുമ്ര സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചതും ബുമ്ര തന്നെയായിരുന്നു. 2024ൽ ടെസ്റ്റ് ക്രിക്കറ്റിൽ 71 വിക്കറ്റുകൾ സ്വന്തമാക്കിയതിന് പിന്നാലെ ഐസിസിയുടെ ആ വർഷത്തെ ടെസ്റ്റ് ക്രിക്കറ്ററായി ബൂമ്രയെ തിരഞ്ഞെടുക്കുകയും ഉണ്ടായി. മറ്റു ഫോർമാറ്റുകളിലെ മികവ് ബുമ്രയ്ക്ക് ഐസിസി ക്രിക്കറ്റർ അവാർഡ് സമ്മാനിച്ചിരുന്നു. ഇത്തരത്തിൽ 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും ബുമ്ര മികവ് പുലർത്തണമെന്ന പ്രതീക്ഷയിലാണ് ആരാധകർ.