സമീപകാലത്ത് ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത യുവ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ വാനോളം പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ. തന്റെ അരങ്ങേറ്റ മത്സരം മുതൽ ഇന്ത്യയ്ക്കായി ട്വന്റി20കളിൽ മികച്ച പ്രകടനമാണ് താരം പുറത്ത് എടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഇന്ത്യയുടെ ഭാവി താരമായി അഭിഷേക് ശർമ്മയെ ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. തനിക്ക് ലഭിച്ച നിശ്ചിതമായ അവസരങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിച്ച അഭിഷേകിനെ പുകഴ്ത്തിയാണ് ഇപ്പോൾ ഇതിഹാസതാരം സച്ചിൻ രംഗത്ത് വന്നിരിക്കുന്നത്.
അരങ്ങേറ്റത്തിന് ശേഷം ചില മത്സരങ്ങളിൽ അഭിഷേക് ശർമ പരാജയം ഏറ്റുവാങ്ങിയിരുന്നുവെങ്കിലും, ടീം മാനേജ്മെന്റ് അവന് ആവശ്യമായ പിന്തുണ നൽകുകയും പിന്നീട് ഫോമിലേക്ക് തിരികെ എത്തുകയുമാണ് ഉണ്ടായത്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് അഭിഷേക് എല്ലാവരെയും ഞെട്ടിച്ചിരുന്നു. മത്സരത്തിൽ 34 പന്തുകളിൽ 79 റൺസാണ് അഭിഷേക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇന്ത്യയുടെ ആദ്യ വിജയത്തിൽ വലിയ പങ്കാണ് അഭിഷേക് വഹിച്ചത്. ശേഷമാണ് സച്ചിൻ രംഗത്ത് എത്തിയത്.
“ഞാൻ കുറച്ചധികം നാളുകളായി അവന്റെ ബാറ്റിംഗ് കാണുന്നുണ്ട്. ഞാൻ അവന്റെ ബാറ്റിംഗ് വളരെ ഇഷ്ടപ്പെടുന്നു. വളരെ ആസ്വാദകരമാണ് അവന്റെ ശൈലി. എല്ലാത്തരം ഷോട്ടുകളും കളിക്കാനുള്ള കഴിവും അവനുണ്ട്. മൈതാനത്ത് എത്തുമ്പോൾ അഭിഷേകിനെ വലിയൊരു താരമായി തോന്നില്ല. പക്ഷേ അവന്റെ ഷോട്ടുകളൊക്കെയും ഒരുപാട് പവർ നിറഞ്ഞതാണ്. വലിയ താരമല്ലാതിരുന്നിട്ടും അവന് തന്റെ ഷോട്ടുകളിൽ വേണ്ട രീതിയിൽ പവർ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. വളരെ അനായാസം റൺസ് സ്വന്തമാക്കാൻ സാധിക്കുന്നു എന്നത് അവനെ നല്ലൊരു കളിക്കാരനാക്കി മാറ്റുന്നുണ്ട്.”- സച്ചിൻ പറഞ്ഞു.
കഴിഞ്ഞ വർഷം സിംബാബ്വേ ടീമിനെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അഭിഷേക് തന്റെ അരങ്ങേറ്റം കുറിച്ചത്. തന്റെ രണ്ടാം മത്സരത്തിൽ തന്നെ ഒരു വലിയ സെഞ്ച്വറി സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. 2024 ഐപിഎല്ലിൽ ഹൈദരാബാദ് ടീമിനായി മികവ് പുലർത്തിയ ശേഷമാണ് ഇന്ത്യ അഭിഷേകിനെ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചത്. 2025 ഐപിഎല്ലിലും ഹൈദരാബാദ് ഫ്രാഞ്ചസിയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് അഭിഷേക് ശർമ. ഇത്തവണയും അഭിഷേക് മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്.



