അവസാന മത്സരത്തില്‍ ആശ്വാസ വിജയവുമായി ബംഗ്ലാദേശ് വനിതകള്‍

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. 42 റണ്‍സുമായി സുല്‍ത്താനായാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

മലയാളി താരം മിന്നു മണി 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി. കൂടാതെ ഒരു റണ്ണൗട്ടിലും ഭാഗമായി. തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ശാന്തി റാണിയെ(10) സ്മൃതി മന്ദാനയുടെ കൈകളിലെത്തിച്ചാണ് മിന്നുമണി വിക്കറ്റ് വേട്ട തുടങ്ങിയത്. തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തിലും മിന്നുമണി ബംഗ്ലാദേശിനെ ഞെട്ടിച്ചു. മിന്നുമണിയുടെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ബംഗ്ലാദേശിന്‍റെ ദിലാരാ അക്തറിനെ(1) യാസ്തിക ഭാട്ടിയ സ്റ്റംപ് ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 41 പന്തില്‍ 40 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് ടോപ്പ് സ്കോററായി. സ്പിന്‍ പിച്ചില്‍ സ്മൃതി മന്ദാനയെ(1) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് നാലാം ഓവറില്‍ ഷഫാലി വര്‍മയെയും(11) നഷ്ടമായി. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ജെമീമ റോഡ്രിഗസിനൊപ്പം(26 പന്തില്‍ 28) 45 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഹര്‍മന്‍ ഇന്ത്യയെ 50 കടത്തി.

പതിനാറാം ഓവറില്‍ 90 റണ്‍സിലെത്തിയ ഇന്ത്യക്ക് അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്ടമാക്കി നേടാനായത് 12 റണ്‍സ് മാത്രമാണ്.