അവനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താൻ രോഹിത് കാട്ടിയ ധൈര്യത്തിന് കയടി : സുരേഷ് റെയ്‌ന

സമീപകാലത്ത് ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് ജയസ്വാൾ. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഇതുവരെയും ജയസ്വാളിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പക്ഷേ 2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ ജയസ്വാളിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു ഏകദിന മത്സരം പോലും ഇന്ത്യയ്ക്കായി കളിക്കാൻ സാധിക്കാതിരുന്ന ജയസ്വാളിനെ ഇത്ര വലിയ ടൂർണമെന്റിൽ ഉൾപ്പെടുത്തിയ രോഹിത് ശർമയുടെയും സെലക്ടർമാരുടെയും തീരുമാനത്തെ പ്രശംസിച്ചാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന സംസാരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിലൂടെ ജയസ്വാളിന് ഒരുപാട് റൺസ് സ്വന്തമാക്കാൻ സാധിക്കും എന്നാണ് റെയ്ന കരുതുന്നത്.

ജയ്സ്വാളിന്റെ സമീപകാലത്തെ ആറ്റിറ്റ്യൂഡും റൺസ് കണ്ടെത്താനുള്ള ആർത്തിയും ഇന്ത്യൻ ടീമിന് ഗുണകരമായി മാറും എന്ന് റെയ്ന കരുതുന്നു. “തന്റെ ടീമിനായി റൺസ് സ്വന്തമാക്കാൻ വളരെയധികം ആഗ്രഹിക്കുന്ന താരമാണ് ജയസ്വാൾ എന്ന കാര്യം എനിക്ക് ഉറപ്പാണ്. അവന്റെ കഥ എപ്പോൾ കേട്ടാലും അവൻ അടുത്ത ലെവലിലേക്ക് എത്തേണ്ട താരമാണ് എന്ന് എനിക്ക് തോന്നാറുണ്ട്. സെലക്ടർമാർക്കും രോഹിത് ശർമയ്ക്കും ഞാൻ ഒരുപാട് നന്ദി പറയുകയാണ്. കാരണം ഒരു ഏകദിന മത്സരം പോലും കളിക്കാത്ത താരത്തെ ചാമ്പ്യൻസ് ട്രോഫി പോലെയുള്ള വലിയ ടൂർണമെന്റിൽ ഉൾപ്പെടുത്തണമെങ്കിൽ, അത് അവരുടെ വലിയ താല്പര്യം തന്നെയാണ്.”- റെയ്ന പറയുന്നു.

“മുൻപ് ഒരുപാട് കഠിനപ്രയത്നം ചെയ്ത താരമാണ് ജയസ്വാൾ. ഒരുപാട് ത്യാഗങ്ങൾ അവന് സഹിക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോൾ അവന്റെ കണ്ണുകളിൽ കാണാൻ സാധിക്കുന്നത് മറ്റൊരുതരം ആറ്റിറ്റ്യൂഡ് ആണ്. മാത്രമല്ല ക്ഷമയോടെ മത്സരങ്ങളിൽ തുടരാനും അവന് കഴിയുന്നുണ്ട്. അതിനർത്ഥം ഇതിനോടകം തന്നെ ജയസ്വാൾ തയ്യാറെടുപ്പുകൾ നടത്തി എന്നതാണ്. അതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭംഗിയും. നമ്മൾ ക്രിക്കറ്റിൽ ഒരുപാട് കഠിനപ്രയത്നം ചെയ്യുകയാണെങ്കിൽ നമ്മുടെ ഇന്ത്യൻ രാജ്യത്തിനായി കളിക്കാൻ സാധിക്കും. അങ്ങനെ പ്രയത്നങ്ങൾ നടത്തിയാൽ ചില ശക്തികൾ നമ്മളോട് രാജ്യത്തെ പ്രതിനിധീകരിക്കാൻ ആവശ്യപ്പെടും. രോഹിത് ശർമ ഇപ്പോൾ ചെയ്യുന്നതും അതാണ്.”- റെയ്ന കൂട്ടിച്ചേർത്തു.

ഇതുവരെ ഏകദിന ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച റെക്കോർഡുള്ള താരമാണ് ജയസ്വാൾ. ഇന്ത്യക്കായി ഇതുവരെ 23 ട്വന്റി20 മത്സരങ്ങൾ ജയസ്വാൾ കളിച്ചിട്ടുണ്ട്. 36 റൺസ് ശരാശരിയിലാണ് ജയസ്വാൾ ട്വന്റി20കളിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ലിസ്റ്റ് എ കരിയറിലും മികവ് പുലർത്താൻ അവന് സാധിച്ചു. 32 ഏകദിന മത്സരങ്ങൾ ലിസ്റ്റ് എ കരിയറിൽ കളിച്ച ജയസ്വാൾ 1511 റൺസാണ് സ്വന്തമാക്കിയത്. 53.96 എന്ന ശരാശരിയിലാണ് ജയസ്വാളിന്റെ പ്രകടനം. മാത്രമല്ല ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ജയസ്വാൾ തന്റെ പേരിൽ ചേർത്തിരുന്നു.