അഞ്ചാം നമ്പറിൽ അടിച്ചുതകർത്തിരുന്ന രാഹുലിനെ എന്തിന് ഗംഭീർ ആറാം നമ്പറിലാക്കി? മുൻ സെലക്ടർ ചോദിക്കുന്നു.

നിലവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ രാഹുൽ ബാറ്റിംഗിൽ അങ്ങേയറ്റം പതറുന്നതാണ് കാണുന്നത്. മുൻപ് ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങൾ അഞ്ചാം നമ്പരിൽ കാഴ്ചവച്ച താരമായിരുന്നു രാഹുൽ. എന്നാൽ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം രാഹുലിനെ ആറാം നമ്പറിലേക്ക് മാറ്റുകയും, പിന്നീട് മോശം പ്രകടനങ്ങൾ താരം ആവർത്തിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ 2 മത്സരങ്ങളിൽ 2, 10 എന്നിങ്ങനെയാണ് രാഹുലിന് സ്കോർ ചെയ്യാൻ സാധിച്ചത്. ഇതിന് ശേഷം ഇപ്പോൾ ഗംഭീറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു മുൻ സെലക്ടർ.

സാധാരണയായി ഇന്ത്യൻ ടീമിൽ അഞ്ചാം നമ്പറിലാണ് രാഹുൽ ബാറ്റ് ചെയ്തിരുന്നത്. 2023 ഏകദിന ലോകകപ്പിൽ അഞ്ചാം നമ്പറിൽ ഇന്ത്യയ്ക്കായി ഉഗ്രൻ ബാറ്റിംഗ് പ്രകടനമാണ് രാഹുൽ കാഴ്ച വെച്ചിരുന്നത്. 11 മത്സരങ്ങളിൽ നിന്ന് 452 റൺസ് ആയിരുന്നു രാഹുൽ 2023 ലോകകപ്പിൽ സ്വന്തമാക്കിയത്. 75.33 എന്ന ശരാശരിയിലായിരുന്നു രാഹുലിന്റെ ഈ വെടിക്കെട്ട്. 5ആം നമ്പറിൽ ഇത്ര മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും എന്തിനാണ് ഗംഭീർ രാഹുലിനെ മറ്റൊരു പൊസിഷനിൽ പരീക്ഷിച്ചത് എന്നാണ് മുൻ ദേശീയ സെലക്ടർ ചോദിക്കുന്നത്.

396093

“അഞ്ചാം നമ്പറിൽ ഇന്ത്യക്കായി അവിശ്വസനീയ പ്രകടനം കാഴ്ചവച്ച താരമായിരുന്നു രാഹുൽ. ആ പൊസിഷനിൽ അവൻ ഇന്ത്യക്കായി 1300 റൺസോളം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 100നടുത്ത് സ്ട്രൈക്ക് റേറ്റും അഞ്ചാം നമ്പറിൽ രാഹുലിന് ഉണ്ടായിരുന്നു. 60 റൺസിനടുത്ത് ശരാശരിയിലാണ് അവൻ ഇന്ത്യക്കായി കളിച്ചിരുന്നത്. ഇതൊക്കെയും അവിസ്മരണീയമായ റെക്കോർഡുകൾ തന്നെയാണ്. പക്ഷേ ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു താരത്തെ എന്തിനാണ് ഇത്തരത്തിൽ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തി പിന്നിലേക്ക് കൊണ്ടുപോകുന്നത്?”- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മുൻ സെലക്ടർ പറഞ്ഞു.

ഇതേ അഭിപ്രായവുമായി ഒരു മുൻ ഇന്ത്യൻ താരവും രംഗത്ത് വരികയുണ്ടായി. “ഗൗതം ഗംഭീറിന് ആവശ്യം എട്ടാം നമ്പരിൽ വരെ ബാറ്റ് ചെയ്യുന്ന ഒരു നിരയെയാണ്. എങ്കിൽ ഗംഭീർ വിവിധ കഴിവുകളുള്ള താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്. അങ്ങനെ വരുമ്പോൾ അക്ഷർ പട്ടേൽ കളിക്കുന്ന മത്സരങ്ങളിൽ പന്തിന് കളിക്കാൻ സാധിക്കില്ല. ഈ സാഹചര്യങ്ങളിൽ അക്ഷർ കളിക്കുന്നു. അതുകൊണ്ടുതന്നെ പന്തിനെ സംബന്ധിച്ച് ഇതൊരു നിർഭാഗ്യകരമായ സാഹചര്യമാണ്. കാരണം ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ അവന് സാധിക്കില്ല. നിലവിൽ രാഹുലിന്റെ മത്സരം നാലാം നമ്പറിന് അനുയോജ്യമായതാണ്. അതുകൊണ്ട് അവനും ഇന്ത്യൻ ടീമിൽ കൃത്യമായ ബാറ്റിംഗ് പൊസിഷൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു.”- ഒരു മുൻ താരം പറയുകയുണ്ടായി.