അക്ഷറിന്റെ മടങ്ങിവരവ്, 17ആം ഓവറിൽ പരാഗിന്റെ എൻട്രി. ഇന്ത്യയെ വിജയിപ്പിച്ച സൂര്യയുടെ മാസ്റ്റർസ്ട്രോക്ക്.

GTgykEga0AA 5Ir e1722145328474

ഇന്ത്യയുടെ സ്ഥിര നായകനായുള്ള തന്റെ ആദ്യ ട്വന്റി20 മത്സരത്തിൽ അത്യുഗ്രൻ നായക മികവാണ് സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ശ്രീലങ്ക വിജയത്തിനോട് അടുത്ത സമയത്ത് ഇന്ത്യൻ ആരാധകരടക്കം എല്ലാവരും ആശങ്കയിലായിരുന്നു. പക്ഷേ കൃത്യമായ ബോളിംഗ് ചെയ്ഞ്ചുകളും ഫീൽഡ് സെറ്റിങ്ങും കൊണ്ട് ശ്രീലങ്കയെ വരിഞ്ഞുമുറുകാന്‍ സൂര്യകുമാർ യാദവിന് സാധിച്ചു.

മത്സരത്തിൽ 43 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്തുകൊണ്ടാണ് തങ്ങൾ ഇന്ന് ലോക ചാമ്പ്യന്മാരായി നിൽക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് മത്സരത്തിലൂടെ ഇന്ത്യ നൽകിയത്. പ്രധാനമായും സ്പിന്നർമാരെ സൂര്യകുമാർ യാദവ് മത്സരത്തിൽ ഉപയോഗിച്ച രീതിയാണ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

214 എന്ന വമ്പൻ സ്കോർ ലക്ഷ്യം വെച്ച് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക മത്സരത്തിന്റെ പതിനാലാം ഓവർ വരെ വലിയ വിജയ പ്രതീക്ഷയിലായിരുന്നു. 14 ഓവറുകളിൽ കേവലം ഒരു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് ശ്രീലങ്ക നേടിയിരുന്നു. അവസാന 6 ഓവറുകളിൽ 74 റൺസ് മാത്രമായിരുന്നു ശ്രീലങ്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇവിടെ നിന്ന് സൂര്യ തന്റെ ആക്രമണം ആരംഭിക്കുകയായിരുന്നു. മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ 11 റൺസ് വഴങ്ങിയ അക്ഷർ പട്ടേലിനെ സൂര്യ വിശ്വസിച്ചു. 15ആം ഓവറിൽ അപകടകാരിയായ നിസംഗയെ പുറത്താക്കി അക്ഷർ വിശ്വാസം കാത്തു.

തൊട്ടുപിന്നാലെ അതേ ഓവറിൽ തന്നെ കുശാൽ പെരേരയെ മടക്കാനും അക്ഷർ പട്ടേലിന് സാധിച്ചു. ഇതോടെ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തിൽ 149 എന്ന നിലയിൽ എത്തി. പിന്നീട് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസീ തന്ത്രങ്ങളാണ് മൈതാനത്ത് കണ്ടത്. ബിഷ്ണോയിക്ക് അടുത്ത ഓവർ നൽകിയാണ് സൂര്യ മികവ് പുലർത്തിയത്. ഓവറിൽ 2 ബൗണ്ടറികൾ വഴങ്ങിയെങ്കിലും ശ്രീലങ്കൻ നായകൻ ചരിത് അസലങ്കയെ കൂടാരം കയറ്റാൻ ബിഷ്ണോയ്ക്ക് സാധിച്ചു. മത്സരത്തിന്റെ പതിനേഴാം ഓവർ മുഹമ്മദ് സിറാജ് എറിയുമെന്ന് എല്ലാവരും കരുതിയെങ്കിലും അവിടെയും സൂര്യ ഞെട്ടിച്ചു. പതിനേഴാം ഓവർ റിയാൻ പരഗിന് നൽകിയാണ് സൂര്യ മികവ് പുലർത്തിയത്.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

അതൊരു വലിയ ഷോക്കാണ് ശ്രീലങ്കൻ ടീമിന് ഉണ്ടാക്കിയത്. 24 പന്തുകളിൽ 56 റൺസ് വേണ്ടപ്പോഴാണ് പരാഗ് മികവ് പുലർത്തിയത്. ഓവറിലെ ആദ്യ പന്തിൽ ഷനക റൺഔട്ടായി. നാലാമത്തെ പന്തിൽ കമിന്ദു മെൻഡിസിനെ പരാഗ് ബോൾഡ് ആക്കുകയും ചെയ്തു. ഓവറിൽ കേവലം 5 റൺസ് മാത്രമാണ് പരഗ് വിട്ടു നൽകിയത്. തൊട്ടടുത്ത ഓവറിൽ ഹസരങ്ക മടക്കിയതോടെ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 163 എന്ന നിലയിൽ വീണു. പിന്നീട് മത്സരത്തിൽ തിരിച്ചുവരാൻ ശ്രീലങ്കയ്ക്ക് സാധിച്ചതുമില്ല. സൂര്യകുമാർ യാദവിന്റെ ഈ ക്യാപ്റ്റൻസീ മികവാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ഇനിയുള്ള മത്സരങ്ങളിലും സൂര്യ ഇതേ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top