ശൂന്യതയില്‍ നിന്നും പിറന്ന ഒരു ഭീകര ഇന്നിംഗ്സ്

Andrew Symonds

ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ ധനേഷ് ദാമോദരന്‍ എഴുതുന്നു

” എതിർ ടീമിന് എന്നും തലവേദന ഉണ്ടാക്കുന്ന താരമാണവൻ .കളിയുടെ ഏത് ഘട്ടത്തിലും ,ആവശ്യമുള്ളപ്പോൾ ബൗണ്ടറി നേടാൻ കെല്പുള്ളവൻ. അവന്റെ മുദ്ര പതിപ്പിക്കുന്ന റണ്ണൗട്ടുകൾ ഏത് നിമിഷവും സംഭവിക്കാം .അസാധ്യ ക്യാച്ചുകൾ പ്രതീക്ഷിക്കാം. മാത്രമല്ല വൻ കൂട്ടുകെട്ടുകൾ പൊളിക്കാൻ പറ്റിയ ഇഫക്ടീവ് ബൗളറും .അവൻ ടീമിന് നൽകുന്ന ഫ്ളെക്സിബിലിറ്റി വളരെ വലുതാണ് .

പൊതുവെ പുകഴ്ത്തുവാൻ വളരെയധികം മടി കാണിക്കുന്ന ഇയാൻ ചാപ്പൽ ഇവിടെ സൂചിപ്പിച്ച കളിക്കാരന്റെ വന്യമായ കൈക്കരുത്ത് ക്രിക്കറ്റ് ലോകം കണ്ടത് ദക്ഷിണാഫ്രിക്കയിലും സിംബാബ് വെയിലും കെനിയയിലുമായി നടന്ന 8 മത് ലോകകപ്പിലാണ് .

ക്രിക്കറ്റിന്റെ ഉത്ഭവ കാലം മുതൽ ഈ വർത്തമാനകാലമുടനീളം ഓസീസ് ടീമിന് മാത്രമുള്ള ഒരു പ്രത്യേകതയുണ്ട് .ഏത് തകർന്നടിഞ്ഞ നിമിഷങ്ങളിലും അവർക്ക് ഒരു രക്ഷകൻ അവതരിക്കാറുണ്ട് .ആരുമില്ലെങ്കിൽ അതു വരെ കരിയറിൽ ഒരു മത്സരത്തിൽ 10 റൺസ് പോലും നേടാത്ത 11 മൻ ചിലപ്പോൾ അർധസെഞ്ചുറി നേടി ടീമിനെ കരകയറ്റുന്ന ആ അത്ഭുത പ്രതിഭാസം ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതവുമാണ് .

2003 ലോകകപ്പിൽ പാകിസ്ഥാനെതിരെ ജോഹന്നാസ് ബർഗിൽ ആ നിയോഗം 6 ആമനായി ക്രീസിൽ ഇറങ്ങിയ ബലിഷ്ഠകാരനായ ആ 28 കാരൻ വെടിക്കെട്ട് ഓൾറൗണ്ടർ ക്കായിരുന്നു . പ്രശസ്ത ബാസ്ക്കറ്റ് ബോൾ താരത്തോടുള്ള സാമ്യം കാരണം ” റോയ് ” എന്ന് വിളിപ്പേരുള്ള ഈ താരം കാഴ്ചയിൽ ഒരു റഗ്ബി കളിക്കാരനെ അനുസ്മരിപ്പിച്ചിരുന്നു .സത്യത്തിൽ ക്രിക്കറ്റിന്റെ അത്രയും പ്രതിഭ അയാൾ റഗ്ബി യിലും ബാസ്ക്കറ്റ് ബോളിലും പ്രദർശിപ്പിച്ചിരുന്നു എന്നത് മറ്റൊരു കൗതുകം .

യഥാർത്ഥത്തിൽ ഇദ്ദേഹം 2003 ലോകകപ്പിൽ കളിക്കാനേ സാധ്യത ഇല്ലാത്ത ആളായിരുന്നു .ചില അപ്രതീക്ഷിത സംഭവങ്ങൾ ഒരാളുടെ കരിയർ തന്നെ മാറ്റി മറിച്ചേക്കാം .അത്തരം സംഭവങ്ങൾ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു പാട് ഉണ്ട് താനും .തൊട്ടു മുൻപ് നടന്ന 99 ലോകകപ്പിൽ ,ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ച് ,കാൽ മുത്തമിട്ട സ്റ്റീവ് വോ കൈമാറിയ ടീമിനെ നയിക്കുക റിക്കി പോണ്ടിംഗ് എന്ന ക്യാപ്റ്റന് ബുദ്ധിമുട്ടേറിയ ജോലിയേ അല്ലായിരുന്നു .ആ സമയത്തെ ഏറ്റവും മികച്ച ടീമിനെതിരെ ഒന്നു പൊരുതാൻ പോലും ശേഷിയില്ലായിരുന്നു മറ്റുള്ള ടീമുകൾക്ക്. പ്രതിഭകളുടെ ധാരാളിത്തം നിറഞ്ഞ ആ ടീമിന് ടൂർണമെന്റിൽ ഒന്നു മത്സരിക്കുക എന്ന സാങ്കേതികത മാത്രമേ ഉള്ളൂ എന്ന കാര്യത്തിൽ ക്രിക്കറ്റ് വിദഗ്ധർമാർക്ക് ലവലേശം സംശയമുണ്ടായിരുന്നില്ല .

പക്ഷെ ലോകകപ്പിന് തൊട്ടു മുൻപ് ചില അപ്രതീക്ഷിത സംഭവങ്ങൾ നടന്നതോടെ ആസ്ട്രേലിയയുടെ സാധ്യതകൾ മങ്ങി എന്ന് വേണം പറയാൻ. കഴിഞ്ഞ ലോകകപ്പിലെ ഹീറോ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ ഉത്തേജക ഡോപ് ടെസ്റ്റിൽ പരാജയപ്പെടുന്നു ,വംശീയ അധിക്ഷേപം കാരണം ഡാരൻ ലേമാൻ സസ്പെൻഷനിലാകുന്നു .കൂനിൻമേൽ കുരു എന്ന പോലെ ഓസീസ് ക്രിക്കറ്റിന്റെ എക്കാലത്തെയും രക്ഷകൻ മൈക്കൽ ബേവന് പരിക്കു കൂടി പറ്റിയതോടെ നായകൻ റിക്കി പോണ്ടിംഗ് പിന്നെ ഒന്നും ചിന്തിക്കാതെ ഈ താരത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചു .

എന്നാൽ വെറും 54 മാച്ച് മാത്രം പരിചയമുള്ള ,25 പോലും ശരാശരിയില്ലാത്ത ,അർധ സെഞ്ചുറികളേക്കാൾ പൂജ്യങ്ങൾ ഉള്ള ഈ താരത്തിന് പകരം ക്ലാർക്ക് ,ഹസി ,കാമറൂൺ വൈറ്റ് ,ബ്ലുവെറ്റ് എന്നിവർക്കു വേണ്ടി പലരും വാദിച്ചെങ്കിലും മുഖ്യ സെലക്ടർ അലൻ ബോർഡർ കൂടി പോണ്ടിംഗിന് പച്ചക്കൊടി കാണിച്ചതോടെ പലരും നെറ്റി ചുളിച്ചെങ്കിലും ഒരു കളിയുടെ ഗതി മാറ്റാനുള്ള താരത്തിന്റെ കഴിവിൽ പോണ്ടിംഗിന്റെ വിശ്വാസം അത്രയും വലുതായിരുന്നു .

അപ്രതീക്ഷിത തിരിച്ചടികളുമായി ലോകകപ്പിന് എത്തിയ ആസ്ട്രേലിയക്ക് തങ്ങളുടെ ആദ്യ മത്സരത്തിന്റെ തുടക്കവും തിരിച്ചടിയുടേതായിരുന്നു .15 ഓവർ ആകുമ്പോഴേക്കും വെറും 86 റൺസിനിടെ ഗിൽക്രിസ്റ്റ് ,ഹെയ്ഡൻ ,ഡാമിയൻ മാർട്ടിൻ എന്നീ വൻ തോക്കുകളും ജിമ്മി മെഹറും അടക്കം 4 പേർ പവലിയനിലെത്തിയിരുന്നു .അതിൽ 3 ഉം പിഴുതത് വസീം അക്രവും .1999 ലെ ഫൈനലിന് മധുര പ്രതികാരം എന്ന് പാക് ആരാധകർ ഉറപ്പിച്ച നിമിഷമാണ് റോയ് മൈതാനത്തിലെത്തിയത്

തന്റെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ താരത്തെ വരവേറ്റത് വഖാർ യൂനിസിന്റെ ബൗൺസർ. അക്തറും അക്രമും വഖാറും ബുദ്ധിമുട്ടിച്ചെങ്കിലും നായകൻ പോണ്ടിംഗിനൊപ്പം ആത്മവിശ്വാസംവീണ്ടെടുത്ത് വീണ്ടെടുത്ത് രക്ഷാപ്രവർത്തനം തുടങ്ങി .ഇരുവരും 14 ഓവറിൽ 60 റൺ കുട്ടിച്ചേർത്തു.30 മം ഓവറിൽ 53 റൺസെടുത്ത് നായകൻ മടങ്ങിയതോടെ ഇന്നിങ്സിനെ മുന്നോട്ടു കൊണ്ടു പോകേണ്ട ബാധ്യത മുഴുവൻ ഇദ്ദേഹത്തിലായി .വ്യക്തിഗത സ്കോർ 23 ൽ നിൽക്കുമ്പോൾ പുറത്താകലിൽ നിന്ന് രക്ഷപ്പെട്ട ഈ ഓൾറൗണ്ടർ പിന്നീട് കളിച്ചത് ജീവിതത്തിലെ മഹത്തായ ഇന്നിങ്സ്

പോണ്ടിംഗ് പോയതോടെ തീർന്നു എന്നു കരുതിയ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടു പോയത് ലോകകപ്പിന്റെ ചരിത്രം തന്നെ അത്ഭുതകരമായ ബാറ്റിങ്ങിലൂടെയായിരുന്നു. പോണ്ടിംഗ് മടങ്ങുമ്പോൾ 20 കളിലായിരുന്നു ഇദ്ദേഹം . ബ്രാഡ് ഹോഗിനെ കാഴ്ചക്കാരനാക്കി വഖാറിനെ കവർ ഡ്രൈവ് ചെയ്ത് 60 പന്തിൽ 50 തികച്ച താരം അർധ സെഞ്ചുറി തികച്ചത് ആഘോഷിച്ചത് അഫ്രിദിയെ ഒരോവറിൽ തുടർച്ചയായി 4 ഫോറുകൾ അടിച്ചാണ്.70 റൺ കുട്ടിച്ചേർത്ത് ഹോഗ് റണ്ണൗട്ടായി മടങ്ങിയപ്പോൾ കൂട്ടിനെത്തിയത് ഹാർവി .

അഫ്രിഡിയെ തന്നെ വേലിക്കെട്ടിലേക്ക് പായിച്ച് തന്റെ ഇന്നിങ്സിലെ 15ാം ബാണ്ടറി നേടി ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തികച്ചപ്പോൾ ഈ അതിമാനുഷൻ നേരിട്ടത് 92 പന്തുകൾ മാത്രം .അതായത് രണ്ടാമത്തെ 50 അടിക്കാൻ വേണ്ടി വന്നത് 32 പന്തുകൾ മാത്രം. സെഞ്ചുറിക്ക് ശേഷം അടുത്ത പന്ത് വേലിക്കെട്ടിലേക്ക് പായിച്ച് ടോപ് ഗിയറിലെത്തിയ താരം അടുത്ത ഓവറിൽ അക്രത്തെ തുടർച്ചായി 2 ഫോറുകളും അതിനടുത്ത ഓവറിൽ വഖാറിനെ സിക്സറിനു പറത്തി .49 മത്തെ ഓവറിൽ സഹികെട്ട് 2 ബീമർ എറിഞ്ഞു .അതിലൊന്ന് തല കൊണ്ടു പോന്ന തരത്തിലായിരുന്നു .അതോടെ അംപയർ ഷെപ്പേർഡ് യൂനിസിനെ പന്തെറിയുന്നതിൽ നിന്നും വിലക്കി .

അവസാന ഓവറിൽ അക്രത്തെ വീണ്ടും ബൗണ്ടറി പായിച്ച് ഇന്നിങ്സ് അവസാനിച്ചപ്പോൾ ഒരു ആസ്ട്രേലിയക്കാരന്റെ ഉയർന്ന സ്കോറും ഇദ്ദേഹത്തിന്റെ പേരിലായിരുന്നു .125 പന്തിൽ നിന്നും 18 ഫോറുകളും 2 സിക്സറുകളുമടക്കം 143 റൺസ് നേടി നെഞ്ചു വിരിച്ച് നിന്ന് ഡ്രസിംഗ്‌ റൂമിലേക്ക് മടങ്ങുമ്പോൾ ആസ്ട്രേലിയൻ ടീം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു ആൻഡ്രൂ സൈമണ്ട്സ് എന്ന കരുത്തിന്റെ പര്യായമായ ക്രിക്കറ്ററുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് .15 ഓവറിൽ 4/86 ൽ നിന്നും പിന്നീട് 30 ഓവറിൽ 146 ൽ നിന്നും 200 ലൊതുങ്ങും എന്ന് കരുതിയ സ്കോറിനെ 310/8 ലെത്തിച്ച് ഇന്നിങ്സിന് ജീവ വായു നൽകിയ പോരാട്ടത്തിന് കളിയിലെ കേമൻ പട്ടത്തിന് മറ്റാരെയും ചിന്തിക്കേണ്ടി പോലും വന്നില്ല .

” ആ ഇന്നിങ്സ് അന്ന് കളിച്ചില്ലായിരുന്നെങ്കിൽ താൻ പിന്നീട് ടീമിലുണ്ടാകുമായിരുന്നില്ല എന്ന് നന്നായി അറിയാമായിരുന്നു ” എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി .

2003 ലോകകപ്പിലെ തുടർന്നുള്ള 3 മാച്ചുകളിൽ ആദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. തുടർന്ന് നമീബിയക്കെതിരെ 4 മ നായി ഇറങ്ങി 63 പന്തിൽ 59 റൺ നേടി.അതേ ലോകകപ്പിലെ സെമിയിൽ 51/3 എന്ന നിലയിൽ നിന്നും സൈമണ്ട്സ് നേടിയത് 118 പന്തിൽ 91 റൺസ് .വീണ്ടും ഒരു മാൻ ഓഫ് ദ മാച്ച് .ഫൈനലിൽ ബാറ്റ് ചെയ്തില്ലെങ്കിലും 7 റൺസിന് 2 വിക്കറ്റ് നേടി സംഭാവന നൽകി .ആ ലോകകപ്പിൽ 90.55 Strike Rate കുറിച്ച സൈമണ്ട്സിന്റെ ശരാശരി 163 ആയിരുന്നു

2007 ലോകകപ്പിലും തന്റെ സാന്നിധ്യം അറിയിച്ച സൈമണ്ട്സ് ലോകകപ്പുകളിലെ ആസ്ട്രേലിയൻ താരമായിരുന്നു .18 ലോകകപ്പ് മാച്ചുകളിലായി 2 ചാംപ്യൻ പട്ടം .ആകെ 515 റൺസ് ,ശരാശരി 103 ,1 സെഞ്ചുറി ,3 ഫിഫ്റ്റി ,7 ക്യാച്ചുകൾ .

പാകിസ്ഥാനെതിരായ ആ മാച്ചിൽ സൈമണ്ട്സിനെ പുറത്താക്കുക അസാധ്യമായിരുന്നു എന്ന് അന്ന് ലൈവായി കളി കണ്ടവർ ഇപ്പോഴും പറയുന്നുണ്ടെങ്കിൽ അവരെ തെറ്റ് പറയാനാകില്ല .അത്ര മാത്രം ആധികാരികവും സമഗ്രവുമായിരുന്നു ആ പ്രകടനം .ലോക ക്രിക്കറ്റിലെ പേസ് ത്രിമൂർത്തികൾ അടക്കമുള്ളവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ തച്ചു തകർത്ത ആ ഇന്നിങ്ങ്സിനെ സാഹചര്യവും സന്ദർഭവും നോക്കി വിലയിരുത്തുകയാണെങ്കിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ചതിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാം .

ലോക ക്രിക്കറ്റിൽ വൻ പ്രതീക്ഷകൾ ഉണർത്തിയ അസാമാന്യ പ്രതിഭകൾ പിന്നീട് സ്വയം കരിയർ കുളം തോണ്ടി മുടിയൻമാരായി അസ്തമിച്ചിട്ടുണ്ടെങ്കിലും അവരുടെ ചുരുങ്ങിയ കരിയറിൽ അവർ കാണിച്ച പ്രകടനങ്ങൾ കാരണം ക്രിക്കറ്റ് ആരാധകർ അവരെ നെഞ്ചിലേറ്റുന്നുണ്ട് .അത്തരമൊരു പ്രതിഭകളിലൊന്ന് തന്നെയാണ് പിന്നീട് മദ്യം നശിപ്പിച്ച ഡെത്ത് ഓവറുകളിൽ എതിരാളികളുടെ മനസിൽ ഭയവിഹ്വലത വിതക്കുന്ന ഈ ഓൾറൗണ്ടറും .ആദ്യ IPL ലേലത്തിൽ ധോണി കഴിഞ്ഞാൽ ഏറ്റവുമധികം വില കിട്ടിയത് ഈ മസിൽ മാനായിരുന്നു എന്നത് പറയാതെ പറയുന്നു ഇദ്ദേഹത്തിന്റെ മൂല്യം.

Scroll to Top